ഉറുമ്പ്
ദൈവത്തിന്‍റെ പുസ്തകശാലയിലൂടെ
ഒരു ഉറുമ്പ് സായാഹ്നസവാരിക്കിറങ്ങി.
പുസ്തകശാലയുടെ വൈവിദ്ധ്യവും
വൈപുല്യവും
ഏകാന്തതയുമൊന്നും
ഉറുമ്പിന് അറിയില്ലായിരുന്നു.
അന്നത്തെ യാത്ര
വിരസമായെന്ന വിലയിരുത്തലോടെ
ഉറുമ്പ് മാളം പൂകി.
മാളത്തിന്‍റെ മൂലയില്‍
വെളിച്ചത്തിന്‍റെ ഒരു ചില്ല
ദീപ്തമായത്
അന്നുമുതലാണ്.
ഉറക്കത്തെ
സ്വപ്നങ്ങള്‍കൊണ്ട് പുതപ്പിക്കുമ്പോള്‍
പുതിയ ഒരുകൂട്ടം മിന്നാമിനുങ്ങുകളെന്ന്‍
ഉറുമ്പ് വെറുതെ പിറുപിറുത്തു.
പിന്നെ ഉറങ്ങിപ്പോയി.
വെളിച്ചത്തിന്‍റെ ആ ചില്ല
എത്രയോകാലം
ഉറുമ്പിനും മാളത്തിനും
കാവല്‍ നിന്നു.
അതൊന്നും ആരും ശ്രദ്ധിച്ചില്ല.
കാലങ്ങള്‍ കഴിഞ്ഞ്
ഉറുമ്പ് മരിച്ചു.
അതോടെ വെളിച്ചത്തിന്‍റെ ആ ചില്ല
ഇല്ലാതായി.
മാളത്തിലെ മറ്റുറുമ്പുകള്‍
ഇതൊന്നും ശ്രദ്ധിച്ചില്ല.
വറുതിക്കാലത്തിനുള്ള
തയാറെടുപ്പിന്‍റെ
തിടുക്കത്തിലായിരുന്നു അവര്‍.
Comments