നോക്കുകുത്തി


നോക്കുകുത്തികളുടെ ഗ്രാമത്തില്‍

എല്ലാം ശാന്തമായിരുന്നു.

എല്ലാം സുന്ദരമായിരുന്നു.


മുകളില്‍ ആകാശം

താഴെ ഭൂമി.

അവിടെയും ഇവിടെയും 

അങ്ങനെയും ഇങ്ങനെയും

നോക്കുകുത്തികള്‍!


മഴയില്‍ നനഞ്ഞും

വെയില്‍ചൂടില്‍ തപിച്ചും

മഞ്ഞില്‍ നിശ്ചലരായും

വസന്തം വന്നതറിയാതെയും

നോക്കുകുത്തികള്‍.


വല്ലപ്പോഴും പറന്നെത്തുന്ന പക്ഷികളോ

ഇഴഞ്ഞെത്തുന്ന ഉരഗങ്ങളോ

വഴിതെറ്റിയെത്തുന്ന മൃഗങ്ങളോ

അവിടെ തങ്ങിയില്ല.


മരക്കൊമ്പുകളിലും

വഴിയോരങ്ങളിലും

കുളക്കടവുകളിലും

കൃഷിസ്ഥലങ്ങളിലും

ഒറ്റയായോ കൂട്ടംകൂടിയോ

നില്ക്കുന്ന

കോമാളികളോ രുദ്രന്മാരോ ആയ

നോക്കുകുത്തികളോട്

വിശേഷിച്ചൊരു വികാരവും

അവര്‍ക്കാര്‍ക്കും തോന്നിയിട്ടുണ്ടാവില്ല.


മഴയിലും കാറ്റിലും

അംഗഭംഗംവന്ന നോക്കുകുത്തികള്‍

പാറിക്കളിക്കുന്ന അവയവങ്ങളോടെ

അവിടെയും ഇവിടെയും

അങ്ങനെയും ഇങ്ങനെയും.....


വല്ലപ്പോഴും വന്നുപോകുന്ന മനുഷ്യര്‍

വിളവെടുപ്പോ കൃഷിപ്പണിയോ കഴിഞ്ഞ്

അന്തിയോടെ മടങ്ങിപ്പോയി.

ചിലപ്പോള്‍ പുതിയൊരു നോക്കുകുത്തിയെ 

പ്രതിഷ്ഠിച്ചു.


ഒരു ദിവസം ഒരാള്‍ വന്നു.

കൃഷിപ്പണിക്കല്ല.

വഴിപോക്കനുമല്ല.

അങ്ങനെ ഒരാള്‍ അതിനുമുമ്പ് വന്നിട്ടില്ല.


മരക്കൊമ്പിലിരുന്ന ഒരു നോക്കുകുത്തിയോട്

അയാള്‍ സംഭാഷണം തുടങ്ങി.

നോക്കുകുത്തി 

വെറും നോക്കുകുത്തിയായി നിന്നു.

അതൊന്നും കണ്ടതുമില്ല.

കേട്ടതുമില്ല.

അറിഞ്ഞതുമില്ല.


അന്തിയണഞ്ഞിട്ടും

രാവുപരന്നിട്ടും

അയാള്‍ മടങ്ങിപ്പോയില്ല.

എത്രയോ കാലം

അയാള്‍ നോക്കുകുത്തിയിലേക്ക്

സ്വയം പകര്‍ന്നുകൊണ്ടിരുന്നു.


ഒടുവില്‍ ഒരുനാള്‍ 

നോക്കുകുത്തി വിരലൊന്നനക്കി.

മിഴിയൊന്നനക്കി...

ചുണ്ടനക്കി...

നാവനക്കി....

അങ്ങനെയങ്ങനെ.


പിന്നെ നോക്കുകുത്തികള്‍

ഓരോന്നായി ഉണരുകയായി.

ക്രൌര്യവും കോമാളിത്തവും വെടിഞ്ഞ്

ചിന്താകുലരും പ്രണയികളും ആയിമാറിയ

നോക്കുകുത്തികള്‍

വിളവെടുക്കുവാനും

കൃഷിയിറക്കുവാനും തുടങ്ങി.


അവരിലൊരാള്‍ 

ഒരു നോക്കുകുത്തിയെ ചമയിച്ചൊരുക്കി.

അതോടെ അവരാരും നോക്കുകുത്തികളല്ലാതായി.

...........

Comments