മരത്തിലെ പുഴ
പുഴയില്‍ കുളിക്കാന്‍ പോയ മരം
മടങ്ങിച്ചെന്നില്ല.
സ്വപ്‌നങ്ങള്‍ അതിനെ ഒഴുക്കിക്കൊണ്ടുപോയി.
മറ്റൊരു രാജ്യത്ത്
മറ്റൊരു തീരത്ത്
മരം ചെന്നടിഞ്ഞു.
അത് മെല്ലെ തീരത്തിലൂടെ നടന്ന്
അധികം മരങ്ങളില്ലാത്ത ഒരിടത്തെത്തി.
നല്ല കാറ്റും വെളിച്ചവുമുള്ള ഇടം.
അകലെ മലകള്‍ കാണാം.
പുഴ അടുത്തുണ്ട്.
നല്ല സ്ഥലം!
മരം അവിടെ വേരുകളാഴ്ത്തി.
ചില്ലകള്‍ പടര്‍ത്തി .
പകല്‍ മനുഷ്യര്‍ക്ക് തണല്‍
രാത്രി പറവകള്‍ക്ക് ചേക്ക.
കാറ്റിലാടിയും
മഴയില്‍ നനഞ്ഞും
കാലം പോയതറിഞ്ഞില്ല.
ചില്ലകളില്‍ പൂക്കള്‍ നിറഞ്ഞതും
പറവകളും മനുഷ്യരും
കായ്തേടി വന്നതും
അങ്ങനെയങ്ങനെ
കാലം സ്പന്ദിച്ചുകൊണ്ടിരുന്നു.
ഈ ജാതി മരം നാട്ടിലെങ്ങുമില്ല.
നല്ല താളത്തിലുള്ള ചില്ലകളും ഇലകളും.
പൂക്കള്‍ എത്ര മനോഹരം.
കായ്കളില്‍ മധുരവും പുളിയും
ആര്‍ദ്രമായി ചാലിച്ചിരിക്കുന്നു.
മരത്തെ സ്നേഹിച്ചവര്‍ പറഞ്ഞു.
എന്നിട്ടും ഒരു രാവിന്‍റെ മറവില്‍
ആരോ മരത്തെ മുറിച്ചുവീഴ്ത്തി.
ഫര്‍ണിച്ചറായി മാറിയ മരം
അപ്പോഴും അതിന്‍റെ കുലീനത കാത്തു.
ആഭിജാത്യം സൂചിപ്പിക്കുന്ന അടയാളങ്ങളും
ആകര്‍ഷണീയമായ നിറവും
ഒരുതരം സുഗന്ധവും ......
ഉറപ്പും ബലവുമുള്ള ഫര്‍ണിച്ചര്‍.
മനുഷ്യര്‍ അതിലിരുന്നും കിടന്നും
അതിലൂടെ നടന്നും
കാലത്തെ അറിഞ്ഞു.
മരണത്തിനും ജനനത്തിനും സാക്ഷിയായി.
മദ്യപാനത്തിനും
ഭ്രൂണഹത്യക്കും
കൊലപാതകത്തിനും
കുതന്ത്രങ്ങള്‍ക്കും
ക്രൂരതകള്‍ക്കും
കാമത്തിനും
ഫര്‍ണിച്ചര്‍ വേദിയായി.
ഒരു ദിവസം പ്രഭാതത്തില്‍
ഫര്‍ണിച്ചര്‍ ആ വീട്ടുമുറിയില്‍നിന്ന്
പുറത്തിറങ്ങി.
പുഴയോരത്ത് നടന്നെത്തി.
പുഴയില്‍ അന്തര്‍ധാനം ചെയ്തു.
Comments