പ്രണയഭൂപടം
പ്രണയത്തിന്‍റെ ഭൂപടം
ഞങ്ങള്‍ നിവര്‍ത്തി വച്ചു.
അപരിചിതലോകങ്ങള്‍ ചുറ്റും.
പലനിറത്തിലുള്ളത്
പല ആകൃതിയിലുള്ളത്....
എല്ലാം പ്രണയത്തിന്‍റെത്!
കടലിനാല്‍ ചുറ്റപ്പെട്ടത്.
തടാകങ്ങള്‍ നിറഞ്ഞത്.
മലകള്‍ വലം വയ്ക്കുന്നത്.
മനുഷ്യരില്ലാത്തത്.
പര്‍വതങ്ങളുടെയും
താഴ്വാരങ്ങളുടെയും നഗരങ്ങള്‍.
മഴവില്ലുകളുടെ നാട്.
മരുപ്പച്ചകളുടെ നാട്.
സുന്ദരിമാരുടെ നാട്.
സുന്ദരന്മാരുടെ നാട്.
ഒരു ചെറിയ രാജ്യത്തിലേക്ക് വിരല്‍ ചൂണ്ടി
അവള്‍ ചോദിച്ചു:
'ഇത് ഏതുനാട്?'
ആ നാടിന്‍റെ പേര് ഭൂപടത്തിലില്ല.
അറിയില്ലെന്ന്‍ ഞാന്‍ പറഞ്ഞു.
അവിടെ പോകണമെന്നായി അവള്‍.
ഞാന്‍ സമ്മതിച്ചു.
ഞങ്ങള്‍ ആ രാജ്യത്തിനെ സൂം ചെയ്തു.
സ്വപ്നത്തിന്‍റെ ലോകം തെളിഞ്ഞു തെളിഞ്ഞു വന്നു.
തെരുവുകളുടെ നിറം.
മരങ്ങളുടെ ഭംഗി
മനുഷ്യര്‍, പക്ഷികള്‍......
എല്ലാം വിശദമായി തെളിഞ്ഞുകൊണ്ടിരുന്നു.
എന്നാല്‍ ദിശകള്‍ വ്യക്തമല്ല.
സ്ഥലപ്പേരുകള്‍ രേഖപ്പെടുത്തിയിട്ടില്ല.
ഭ്രമിപ്പിക്കുന്ന ഭംഗി മാത്രം.
ഒരു മയില്‍ പീലി വിടര്‍ത്തി
ഒരു കുയില്‍ പാടി
ഒരു പെണ്‍കുട്ടി മധുരമായി ചിരിച്ചു.
പോര്‍ച്ചട്ടയണിഞ്ഞ ഒരു പുരുഷന്‍
കുതിരപ്പുറത്ത് പാഞ്ഞു പോയി.
ഒരു നപുംസകം നിലാവില്‍ നൃത്തം ചെയ്തു.
എല്ലാവരും ഞങ്ങളെ ക്ഷണിക്കുകയാണ്......
പ്രണയത്തിന്‍റെ ഭൂപടത്തില്‍
ഇനിയുമുണ്ട് ദേശങ്ങള്‍
അകലെയും അടുത്തും.
ചെറുതും വലുതും.
ഓരോ ദേശവും പുതിയ കഥകള്‍ പറയുന്നു.
കാഴ്ചകള്‍ കാണിക്കുന്നു.
പുതിയ നാടുകള്‍ തെളിയുന്നു.
പുതിയ വഴികള്‍ തെളിയുന്നു.
ഭൂപടത്തിന്‍റെ ഓരോ ബിന്ദുവില്‍ തൊടുമ്പോഴും
അവിടം വലിയ വെളിച്ചവുമായി തെളിയുന്നു.
പ്രണയത്തിന്‍റെ വലിയ ലോകം ഞങ്ങള്‍ കാണുന്നു.
ആദിയന്തമില്ലാത്തത്....
'അവസാനിക്കാത്ത ആ ഭൂപടം വായിക്കാന്‍ നമ്മളാര്.'
ഞാന്‍ അവളോടും അവള്‍ എന്നോടും ചോദിച്ചു.
പിന്നെയും പിന്നെയും
പുതിയ പുതിയ ലോകങ്ങള്‍......
മൊബൈല്‍: 7736558164
Comments