അവയവങ്ങൾ

ആളൊഴിഞ്ഞ കടല്‍ത്തീരത്തിലെ

അളിഞ്ഞ കുപ്പക്കൂനയില്‍

ഞാന്‍ എന്‍റെ ആദ്യ ചുംബനത്തിലെ 

ചുണ്ടുകളെ കണ്ടെടുത്തു.

അതിന്‍റെ കണ്ണുകളില്‍

വിദൂരമായ എന്‍റെ  കൌമാരം തിളങ്ങി.

അന്നത്തെ പ്രഭാതസഞ്ചാരം 

തീരത്തെ മണലില്‍ പുതഞ്ഞു.


ഒരിക്കല്‍ തീവണ്ടിയില്‍ വച്ച്

അനേക വര്‍ഷങ്ങള്‍ക്കു ശേഷം

ഞാന്‍ ആ അരക്കെട്ടിനെ വീണ്ടും കണ്ടു;

താപത്തിന്‍റെ തിരകളുയര്‍ത്തിയ 

പഴയ സര്‍പ്പത്തെ!


കോഴിക്കോട് മിട്ടായിത്തെരുവില്‍ വച്ച്

ഒരു രാത്രിയില്‍ രണ്ടു മുലകള്‍

എനിക്ക് പിന്നാലെ വന്നു.

തിരിഞ്ഞു നോക്കിയപ്പോള്‍

ഗലിയിലെ ഇരുട്ടിലേക്ക്

രണ്ടുതവണ ഒഴിഞ്ഞുമാറി.

പിന്നെ ഞാന്‍ തിരിഞ്ഞുനോക്കിയതുമില്ല.


ഇങ്ങനെ ഇടയ്ക്കൊക്കെ 

കൊഴിഞ്ഞുപോയ പഴയ അവയവങ്ങളെ

കണ്ടുമുട്ടാറുണ്ട്.

ചിലതിനു പണ്ടത്തേക്കാള്‍ പ്രതാപം കാണും.

ചിലത് തിരിച്ചറിയാനാവാത്തവണ്ണം

ചതഞ്ഞരഞ്ഞു പോയിരിക്കും.


തീന്മേശയില്‍ വരട്ടിവച്ച ഇറച്ചിയായും

ഒരു അവയവം വന്നെത്തി.

അതിനെക്കുറിച്ച് ഞാന്‍ പറയില്ല.

അതിനെക്കുറിച്ച് ഞാന്‍ ഓര്‍മിക്കുകയുമില്ല;

ഈ നിമിഷത്തിലും ഓര്‍മ്മ നിറയെ അതാണെങ്കിലും.

ഒരു രഹസ്യമായി അത് മറയട്ടെ.

എന്നോടൊപ്പം നശിക്കേണ്ട പാപം!

Comments

Popular posts from this blog

അലങ്കാരം

ഉറുമ്പ്

മരത്തിലെ പുഴ