മത്സ്യം
വലയില്‍നിന്ന് പുറത്തുചാടിയ മത്സ്യം
ആകെ പതറി.
കര ആദ്യമായി കാണുകയായിരുന്നു, അത്.
പരിക്കേറ്റിരുന്നു.
ശ്വാസമെടുക്കാന്‍ പാടുപെടുന്നുണ്ടായിരുന്നു.
കടല്‍ക്കരയിലെ മത്സ്യവില്‍പ്പനക്കാരുടെ
നോട്ടങ്ങളില്‍ നിന്ന് വഴുതി
കടലിലേക്ക് പിന്‍ നോട്ടമെറിയാതെ
കടല്‍ത്തീരത്തെ മണലിലൂടെ
അതങ്ങനെ മുന്നോട്ടുപോയി.
മുന്നോട്ട് എന്നത് എതെങ്കിലും ലക്ഷ്യത്തിലേക്കെന്നല്ല.
ഏതു ദിശയും അതിന് ലക്ഷ്യം തന്നെ.
മധ്യാഹ്നത്തിലെ ചൂടില്‍ പിടഞ്ഞും
പരിക്കുകളുടെ വേദനയില്‍ പുളഞ്ഞും
മുന്നോട്ടുതന്നെ.
കടല്‍ക്കാറ്റ് ഓര്‍മ്മകളുമായെത്തി.
കടല്‍ത്തിരകള്‍ പിന്‍വിളി വിളിച്ചു.
കടലിന്‍റെ ആഗാധതയിലെ മുത്തുച്ചിപ്പികള്‍
മത്സ്യത്തിലേക്ക് പ്രകാശം വിതറുന്ന
സന്ദേശങ്ങളയച്ചു.
കടല്‍ത്തീരം വിട്ട്
ടാറിട്ട നിരത്തിലൂടെയും
നഗരത്തിലെ തിരക്കിലൂടെയും
പിന്നെ തണല്‍ പടര്‍ന്ന ഇടവഴികളിലൂടെയും
മത്സ്യം മുന്നോട്ടുപോയി.
താഴ്വരയില്‍ ഒരു കുഞ്ഞു കുളം
ഇളം തണുപ്പുള്ള ശയ്യ ചമച്ചിരുന്നു.
ചുറ്റും തണല്‍മരങ്ങളുണ്ടായിരുന്നു.
പക്ഷികളും മനുഷ്യരും
ഋതുക്കളും ഉണ്ടായിരുന്നു.
മത്സ്യം ആ കുളത്തെ പ്രാപിച്ചു.
കുളത്തിന്‍റെ അഗാധതയില്‍
കാണാത്ത കാഴ്ചകള്‍ കണ്ടു.
കടലിനേക്കാള്‍ വിശാലമായ സ്നേഹത്തിലൂടെ
അത് യാത്രചെയ്തുകൊണ്ടേയിരുന്നു.
Comments