വാർദ്ധക്യം


അന്ത്യമായ അപഗ്രഥനത്തില്‍

യൌവനം വാര്‍ദ്ധക്യത്തെക്കാള്‍ ഏകാന്തമാണെന്ന്

ആന്‍ഫ്രാങ്ക് കുറിച്ചുവച്ചത് വായിച്ച്

ഉവ്വെന്ന് ഞാന്‍ തലയാട്ടിയിട്ടുണ്ട്.


ഇപ്പോള്‍  വാര്‍ദ്ധക്യത്തിന്‍റെ പടവുകളിലിരിക്കുമ്പോള്‍

അതിന്‍റെ ഏകാന്തതയെ സ്പര്‍ശിക്കുമ്പോള്‍

ചിലതൊക്കെ മനസ്സിലാവുന്നുണ്ട്.

യൌവ്വനത്തിലെ ഏകാന്തത 

- ആള്‍ക്കൂട്ടത്തിലെ ഏകാന്തതയാണ്.

നമ്മള്‍ മെനഞ്ഞെടുക്കുന്ന ഏകാന്തത.

എന്നാല്‍  വാര്‍ദ്ധക്യത്തിലെ കാര്യം അതല്ല.

വിജനമായ തീരമാണത്.

ചുറ്റും ശൂന്യതയാണ്.

മറ്റാരോ പണിതുവച്ച

ഏകാന്തതയുടെ തീരത്തില്‍

നമ്മള്‍ ഉപേക്ഷിക്കപ്പെടുകയാണ്.

കുരിശില്‍ നമ്മള്‍ തറയ്ക്കപ്പെടുകയാണ്.

രതിയില്‍ നമ്മള്‍ നിര്ജ്ജകലീകൃതരാവുകയാണ്.


ഏകാന്തത ഭ്രാന്തിന്‍റെ ശരീരമെന്നതിനേക്കാള്‍

ഭ്രാന്ത് ഏകാന്തതയുടെ ശരീരമാണ്.

സ്വപ്‌നങ്ങള്‍ ചെന്നെത്താത്ത 

ഇരുണ്ട ഇടവഴിയാണത്.

രാത്രിയിലെ ഒച്ചയില്ലാത്ത നടത്തയാണത്.

ശരീരങ്ങള്‍ സമ്മേളിക്കാത്ത

ആലിംഗനമാണത്.

യൌവ്വനത്തിലെ ഏകാന്തതയില്‍

ഇതിനു വിലോമമാണ് കാര്യങ്ങള്‍.


ശവത്തിനോടെന്നപോലെ

വൃദ്ധര്‍ ഏകാന്തതയോട് സംസാരിക്കാറുണ്ട്.

ചെറുപ്പക്കാര്‍ക്കെന്നല്ല 

മറ്റു വൃദ്ധര്ക്കും  അത് കാണാനാവില്ല.

ചെറുപ്പക്കാര്‍ അവരുടെ ചെറുപ്പം കാരണം

നിറമില്ലാത്ത കാഴ്ചകളെ കാണുന്നില്ല.

വൃദ്ധര്‍ തിമിരം കൊണ്ടാകാം

കാഴ്ചകളൊന്നുംതന്നെ കാണുന്നതേയില്ല.


പഞ്ചേന്ദ്രിയങ്ങളാല്‍ പുറത്താക്കപ്പെട്ടവര്‍

പരസ്പരം കാണാതെ 

സ്പര്‍ശിക്കാതെ

മറ്റൊരാള്‍ അടുത്തുണ്ടെന്ന്‍ അറിയാതെ

അനന്തതയില്‍നിന്ന്‍ അനന്തതയിലേക്ക് നീളുന്ന

ഒരു പാളത്തിലിരിക്കുന്നു.

അതൊരു പാളമാണെന്നുപോലും

അവര്‍ അറിയുന്നില്ല.


ആന്‍ഫ്രാങ്ക് നിര്‍വ്വചിച്ചത് ശരിയാണ്.

ഭൂരിപക്ഷം അത് ശരിവയ്ക്കും.

പക്ഷമില്ലാത്ത ചിലരുണ്ട്

അവര്‍ ബ്രാക്കറ്റിന് വെളിയിലാണ്.

അത്രേയുള്ളൂ!

........

Comments

Popular posts from this blog

അലങ്കാരം

ഉറുമ്പ്

മരത്തിലെ പുഴ