താജ്മഹൽ
താജ്മഹല്‍
1
ഹേമന്തകാലത്തിന്‍റെ
വിരലില്‍ പിടിച്ചവള്‍
പോയൊരുനാളില്‍ താജില്‍
സ്വപ്നത്തിന്‍ സവിധത്തില്‍.
പ്രണയത്തിന്‍ നാളതിൽ
കാമുകനവളുടെ
നെറ്റിയില്‍ ചുംബിക്കവേ
അകലെ തെളിഞ്ഞൂ താജ്.
അതിന്‍റെ മിനാരങ്ങള്‍,
ഭംഗികള്‍, വിതാനങ്ങള്‍
അകലെ നിന്നും മെല്ലെ
അരികിലണഞ്ഞപ്പോള്‍
ചുംബനലഹരിയില്‍
തിളങ്ങീ കണ്ണീര്‍ക്കണം.
2
അവര്‍ താജ്മഹലില്‍ ചെന്നപ്പോള്‍ അവിടെ സന്ദര്‍ശകരാരും ഉണ്ടായിരുന്നില്ല. പാറാവുകാരന്‍ ഉറക്കം തൂങ്ങുകയായിരുന്നു. സുഗന്ധം പരത്തുന്ന വാതിലുകള്‍ കടന്ന്‍ അവര്‍ അകത്തെത്തി.
നിഗൂഢമായ നിശ്ശബ്ദതയുടെ ശൃംഗത്തില്‍, തോണിത്തലപ്പിലെന്നോണം മുംതാസ്മഹല്‍ ഇരിക്കുകയായിരുന്നു. ചക്രവര്‍ത്തിനിയുടെ അഴിച്ചിട്ട തലമുടിയില്‍ സുന്ദരിയായ ഒരു ഹിജഡ സുഗന്ധതൈലം പുരട്ടുകയായിരുന്നു.
അവളെക്കണ്ടപ്പോള്‍ മുംതാസ്, ഹിജഡയെ അപ്രത്യക്ഷയാക്കി. പിന്നെ അവളും കാമുകനും രാജ്ഞിയും മാത്രമായി. അവള്‍ മുംതാസ് മഹലിന്‍റെ കാര്‍മേഘസദൃശമായ തലമുടിയില്‍ സുഗന്ധതൈലം പൂശി.
അമ്മ മകളെ എന്നപോലെ അവളെ അവര്‍ മാറിലേക്കണച്ചു. ഗൗഹാരാ എന്നു വിളിക്കുക മാത്രമല്ല അവളെ മടിയില്‍ കിടത്തി മുംതാസ് മുലപ്പാലൂട്ടുകയും ചെയ്തു. അവര്‍ക്കിടയില്‍ നിന്ന് വസ്ത്രങ്ങള്‍ അലിഞ്ഞുപോയി.
3
ആര്‍ദ്രത, അനന്തമാം സ്വപ്നമായ്
നിമിഷങ്ങള്‍
പേലവസ്പര്‍ശങ്ങളായ്,
അവളോ ശലഭമായ്.
അമ്മയല്ലവരിപ്പോള്‍
മകളല്ലവളിപ്പോള്‍!
ചഷകം വിതുമ്പുന്നു.
കണ്ണുനീര്‍ തുളുമ്പുന്ന
ചാരുവാം കവിള്‍ത്തടം
പിന്നെയും തിളങ്ങുന്നു.
പ്രണയം മനോഹരം!
ചന്ദന നിറമുള്ള
സര്‍പ്പങ്ങള്‍ വിരാജിപ്പൂ;
തണുത്ത മാര്‍ബിള്‍ ജാളി
ത്തുടിപ്പിന്‍ വെളിച്ചത്തില്‍.
പ്രണയം ശങ്കാപൂര്‍ണ്ണം!
ചുംബനത്തിന്‍ കോപ്പയില്‍
നക്ഷത്രമെരിയുന്നു.
മെല്ലെ മെല്ലെക്കാമുകന്‍
തെന്നലായലിയുന്നു.
4
ഇണത്തോണികളായി യമുനയില്‍ ഒഴുകുമ്പോള്‍ അവള്‍ ചോദിച്ചു; അമ്മേ, ചക്രവര്‍ത്തി എവിടെയെന്ന്. അവര്‍ യമുനയുടെ മറുകരയിലേക്ക് വിരല്‍ ചൂണ്ടി.
അവിടെ കറുത്ത താജ്മഹല്‍ അവള്‍ കണ്ടു.
5
കറുത്ത മാര്‍ബിളില്‍
സ്വപ്നത്തിന്‍റെ അദൃശ്യശില്പം.
കറുത്ത മിനാരങ്ങളില്‍
കാലത്തിന്‍റെ മൃതമായ ധമനികള്‍.
യമുനയുടെ ഓളങ്ങളില്‍
പരസ്പരം അലിയുന്ന
താജുകളുടെ പ്രതിബിംബങ്ങള്‍.
വെള്ള നിറമുള്ള തിരശീലകള്‍ക്കപ്പുറം
മന്ദിരത്തിന്‍റെ ഉള്ളറകള്‍ അദൃശ്യം.
ആകാശത്തോളം ഉയരമുള്ള ഒരാള്‍
കറുത്ത താജിന്‍റെ കാവല്‍ക്കാരന്‍.
അതിന്‍റെ ഉള്‍വഴികളിലൂടെ
സന്ദര്‍ശകരുടെ ഇരമ്പല്‍.
അമ്മേ പ്രണയത്തിന്‍റെ നിറമെന്തെന്ന്‍ അവള്‍.
അവര്‍ അവളെയും കൂട്ടി
യമുനയുടെ ഉള്ളറയിലേക്ക് പോയി.
അവിടെ
സുതാര്യമായ ഒരു താജ്മഹല്‍!
അതിനുള്ളില്‍
കാലങ്ങളായുള്ള ഉറക്കമില്ലായ്മയുടെ
തെളിച്ചവുമായി ഒരാള്‍.
ഉസ്താദ് അഹമ്മദ് ലാഹോറി.
6
സ്നേഹത്തിന്‍ മൃദുവായ
കുഞ്ഞുടുപ്പുകള്‍,
ലോകം കാട്ടാതെയൊളിപ്പിച്ച
താരാട്ടിന്‍ പിടപ്പുകള്‍
കാലത്തിന്‍ പടവിങ്കല്‍
ആ അമ്മ നിക്ഷേപിച്ച
ആയിരം സമ്മാനങ്ങള്‍,
ഒക്കെയും വിടര്‍ന്നാര്‍ദ്രം.
കാല്‍ച്ചിലങ്കകള്‍ നൃത്ത
ഭംഗികള്‍,
നിലയ്ക്കാത്ത
സംഗീത സോപാനങ്ങള്‍,
കിലുങ്ങും കുപ്പിവള
ത്തുടിപ്പില്‍
സിന്ദൂരത്തിന്‍
മഴയും താരങ്ങളും.
പട്ടുപാവാടകളുടെ മന്ദഹാസത്തിങ്കല്‍
കാലം സ്വസ്ഥമായ് വിരചിച്ച
സ്വര്‍ണ്ണനൂലൂകള്‍.
മൈലാഞ്ചി മുദ്രകളില്‍
പിടഞ്ഞ കൌമാരത്തിന്‍
റോജാപ്പൂക്കളും മുള്ളും.
മരതകമാലകള്‍
രത്നജാലശോഭകള്‍
പ്രണയപ്രകാശത്താല്‍
തുടുത്ത നിലാക്കാലം.
അമ്മയല്ലല്ലോ മുംതാസ്
മകളല്ലായാത്രിക;
കാലത്തിന്‍ പടവിലെ
കണ്ണുനീര്‍ത്തിളക്കങ്ങള്‍.
7
‘രണ്ടു പെണ്ണുങ്ങള്‍ നടന്നുപോയ വഴിയാണത്.’
യമുനയിലേക്ക്‌വിരല്‍ചൂണ്ടി ഉസ്താദ് അഹമ്മദ് ലാഹോറി പറഞ്ഞു.
യമുനയിലെ മറുകരയിലെ കറുത്ത താജ്മഹലിലെ സന്ധ്യയിലിരുന്ന് ചക്രവര്‍ത്തി മൂളിക്കേട്ടു.
കറുത്ത താജിന്‍റെ പടവുകളിറങ്ങി ഒരു നിഴല്‍ യമുനയില്‍ നിമഗ്നിതമായി.
ചക്രവര്‍ത്തിയുടെ നിശ്വാസം ഇളം കാറ്റുപോലെ പരന്നു.
8
അമ്മയല്ലല്ലോ മുംതാസ്
മകളല്ലായാത്രിക
മുഗ്ദ്ധയായൊഴുകുന്നു
യമുന, ഹേമന്തവും.
ചുംബനങ്ങളില്‍ നിദ്ര
ഉണര്‍വിലുന്മാദത്തിന്‍
കത്തുന്ന വേനല്‍ക്കാലം.
പ്രണയപിപാസയില്‍
മരുഭൂവിന്‍ ദൂരങ്ങള്‍.
അമ്മയല്ലല്ലോ മുംതാസ്
മകളല്ലായാത്രിക.
താജിന്‍റെ മിനാരങ്ങള്‍
നിദ്രയിലുലയുന്നു.
ഉദ്യാനവെട്ടത്തിന്‍റെ
തണുവും പേറിക്കൊണ്ടു
മന്ദമായുലാത്തുന്നൂ,
വൃക്ഷങ്ങളുദ്യാനത്തിൽ.
അമ്മയല്ലല്ലോ മുംതാസ്
മകളല്ലായാത്രിക!
9
തിരശ്ശീല നീക്കി മുംതാസ് ഹിജഡയോട് പറഞ്ഞു:
യാത്രയാവൂ, കാലം മാറുകയാണ്.
കൈയില്‍ സമ്മാനങ്ങളും
കണ്ണില്‍ കണ്ണീരുമായി
ഹിജഡ പടവുകളിറങ്ങുമ്പോള്‍
മിനാരത്തില്‍ നിന്നൊരു കിളി
അവള്‍ക്ക് പിന്നാലെ പറന്നുപോയി.
** ** ** ** ** ** ** **
* ഗൗഹാര - മുംതാസിന്റ മകൾ. ഈ കുട്ടിയുടെ പ്രസവത്തോടെ മുംതാസ് മരിച്ചു.
** ഉസ്താദ് അഹമ്മദ് ലാഹോറി - താജ്മഹലിന്റെ വാസ്തുശില്പി.
Comments