തങ്കമണി


തങ്കമണിയെ അറിയാമോ?

കിള്ളിപ്പാലത്തായിരുന്നു താമസം.

വാറ്റുചാരായം വില്‍ക്കലായിരുന്നു ജോലി.

*

പഴയ കാലം.

പഴയ വഴികള്‍.

സ്വകാര്യതപോലെ കുറ്റിക്കാടുകള്‍.

അവയ്ക്കിടയില്‍ തങ്കമണി.

വാറ്റുചാരായത്തിന്‍റെ കുപ്പികള്‍.

*

ചിലപ്പോള്‍ എക്സൈസുകാര്‍ വരും.

ചില ദിവസങ്ങളില്‍ ആരും വരില്ല.

മാസാവസാനങ്ങളില്‍ ഓഫീസുകളിലെ സാറന്മാര്‍.

സ്കൂള്‍ കട്ട് ചെയ്തു വരുന്ന കുട്ടികള്‍.

പലതരം ഇടപാടുകള്‍.

*

മക്കളുടെ ചെലവ്...

ഭര്‍ത്താവിന്‍റെ. ആവശ്യങ്ങള്‍...

പഴയ ഇടപാടുകാരുടെ 

പഴകാത്ത ആവശ്യങ്ങള്‍.

തങ്കമണിക്ക് തിരക്കാണ്.

*

വഴക്കില്ലാത്ത ദിവസമില്ല.

തലതെറിച്ച മക്കള്‍.

പണിയെടുക്കാത്ത കെട്ടിയവന്‍.

കടം പറയുന്ന ഇടപാടുകാര്‍.

അടിവസ്ത്രം പിളര്‍ക്കുന്ന നോട്ടങ്ങള്‍.

*

മനുഷ്യത്തിയല്ലേ?

എങ്ങനെ എപ്പോഴും സഹിക്കും.

വഴക്കടിക്കുമ്പോള്‍ തങ്കമണി എല്ലാം മറക്കും.

പുഴയിലെ വെള്ളംപോലെ അവള്‍ ഒഴുകും.

*

എക്സൈസുകാര്‍ കുപ്പികള്‍ പൊട്ടിക്കും.

അട്ടഹസിക്കും.

പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോകും.

ഭര്‍ത്താവ് തലമുടിയില്‍ ചുറ്റിപ്പിടിക്കും.

മക്കള്‍ കണ്ണുപൊട്ടുന്ന തെറി വിളിക്കും.

ഇടപാടുകാര്‍ അധികാരത്തോടെ 

അവിടെയും ഇവിടെയും പിടിക്കും.

പുഴയിലെ വെള്ളംപോലെ അവള്‍ ഒഴുകും.

*

എക്സൈസുകാരെപ്പേടിച്ച്‌ ഓടിയതാണ്.

റെയില്‍പ്പാളത്തിലൂടെ

അവള്‍ ഓടുന്നതറിയാതെ

തീവണ്ടി വന്നു. 

ചുവട്ടില്‍ അവള്‍ ഞെരിയുന്നതറിയാതെ

തീവണ്ടി പോയി.

*

തങ്കമണി മരിച്ചു.

ചോര വലുതായൊന്നും തെറിച്ചില്ല.

ആരോ പഴയൊരു തുണികൊണ്ട് മൂടി.

കുറേനേരം അവിടെ കിടന്നു.

അടുത്ത തീവണ്ടി വരുന്നതിനുമുന്‍പ് 

റെയില്‍വേക്കാര്‍ അത് മാറ്റിക്കിടത്തി.

റെയില്‍പ്പാളത്തിനരികില്‍ 

അവള്‍ പിന്നെയും കിടന്നു.

തങ്കമണി മരിച്ചു.

**

Comments