മഴക്കാലം

 

മഴക്കാലത്ത് നക്ഷത്രങ്ങള്‍ ചിരിക്കാറില്ല.
ഇരുട്ട് ദൈവത്തെ പുണരാറില്ല.
വറുതിക്കാലത്ത്‌ പ്രണയമില്ല.
തിരസ്കൃതര്‍ക്ക് സൌഹൃദങ്ങളില്ല.

ഓരോ വാക്കും നിരലംകൃതമായ സ്വപ്നം.
ഓരോ പകലും നിഴലും വെളിച്ചവും ചാലിച്ചെടുത്തത്‌.
ഓരോ ഋതുവും ആരുടെയോ ഓര്‍മ്മ.
ഓരോ യാത്രയും ഒഴുകുന്ന പുഴ.

കാത്തിരിപ്പുകള്‍ സന്ധ്യയില്‍ അവസാനിക്കുന്നു.
പങ്കായം വലിച്ചെറിഞ്ഞ് തോണിയാത്രകള്‍
പൊടുന്നനെ വിടപറയുന്നു.
കാളവണ്ടികളും നാട്ടുപാതകളും
ഭൂതകാലത്തില്‍നിന്ന്‍ ക്രമേണ മങ്ങിമായുന്നു.

എവിടെനിന്നോ ഒരു പാട്ട്.
അകലങ്ങളില്‍ ഒരു നക്ഷത്രം.
ആരുടെയോ ഒരു സ്പര്‍ശം.
സന്ധ്യയുടെ വിടരുന്ന ഇതളുകള്‍.

മഴ പെയ്യുകയാണ്.
മഴയിലൂടെ ഒഴുകിനീങ്ങുന്ന
ഒരു കടലാസുതോണി........
ആ തോണി ഞാനാണ്.

ഇരുട്ടിലൂടെ ഒരാള്‍ വരുന്നു.
അയാള്‍ക്കു ‌ചുറ്റും നിഴലുകള്‍.
അയാളും ഒരു നിഴലാണ്.
അയാള്‍ അല്ലെങ്കില്‍ ആ നിഴല്‍, ഞാനാണ്.

മനുഷ്യരുടെയും ഋതുക്കളുടെയും
മരങ്ങളുടെയും പക്ഷികളുടെയും
ഈ തിരക്കുകള്‍ പേറുമ്പോഴും
ഭൂമി ഏകാകിയാണ്‌;
ഓരോ മനുഷ്യനേയുംപോലെ.

Comments

Popular posts from this blog

അലങ്കാരം

ഉറുമ്പ്

മരത്തിലെ പുഴ