മഴമേഘം


ഒരു മഴമേഘം

കഴിഞ്ഞ പ്രഭാതത്തില്‍ 

എന്‍റെ വീട്ടുമുറ്റത്ത് വന്നു.


ഞാന്‍ അതിനെയും 

അത് എന്നെയും നോക്കിനിന്നു. 

വീട്ടില്‍ ആരും ഉണര്‍ന്നിരുന്നില്ല.


ഞാനും മഴമേഘവും മാത്രം.

കുറെ നേരം ഞങ്ങള്‍ അങ്ങനെ നിന്നു.

ഞങ്ങള്‍ മാത്രം.


ഞാന്‍ ഒരു പെണ്‍കുട്ടിയാണ്.

നയന്തില്‍ പഠിക്കുന്നു.

ഒറ്റ മകള്‍.


മഴമേഘത്തിന് നമ്മള്‍ കരുതുംപോലെ 

ഇരുണ്ട ചാരനിറമല്ല.

സുതാര്യവും സുന്ദരവുമാണത്.


ഞാന്‍ ചിരിച്ചപ്പോള്‍

അവനും ചിരിച്ചു.

ഭംഗിയുള്ള ചിരി.


ഞാന്‍ അവന്‍റെ അടുത്തുചെന്ന്

വിറയലോടെ അവനെ തൊട്ടു.

ജലാംശം എന്‍റെ വിരലുകളില്‍ ഊറി.


അവന്‍ എന്നെയും തൊട്ടു. 

ഒരു നിമിഷം മാത്രം.

ഞാന്‍ തിരിഞ്ഞോടി.


വാതില്‍ തുറന്ന് അമ്മ വന്നു.

- എന്താ ഇവിടെ ബഹളം?

ഞാന്‍ ഒന്നും മിണ്ടിയില്ല.


എന്‍റെ പാദസരങ്ങള്‍ കിലുങ്ങിയപ്പോള്‍

ഞാന്‍ പേടിച്ചു.

വലിയ ശബ്ദം പോലെ!


അറച്ചറച്ച് ഞാന്‍ തിരിഞ്ഞു നോക്കി.

അവിടെ അവനില്ല.

അവന്‍ നിന്നിടത്തെ മണ്ണ് നനഞ്ഞിരുന്നു.


അമ്മ ചോദിച്ചു:

- എന്താ അവിടെ മണ്ണ് നനഞ്ഞുകിടക്കുന്നു?

മഴയൊന്നും പെയ്തില്ലല്ലോ!


നനഞ്ഞ മനസ്സോടെ 

ഞാന്‍ അകത്തേക്ക് പോയി.

പാദസരങ്ങള്‍ കാരണമില്ലാതെ കിലുങ്ങി.


എന്‍റെ മുറിയില്‍ കതകടച്ചിരുന്ന്‍

ഞാന്‍ കരഞ്ഞു.

ഞാന്‍ ഒരു പെണ്‍കുട്ടിയാണ്.

````````````````````````````

Comments

Popular posts from this blog

അലങ്കാരം

ഉറുമ്പ്

മരത്തിലെ പുഴ