ശലഭങ്ങൾ

കുട്ടി തനിയെ നടക്കാനിറങ്ങി.

പരിചയമില്ലാത്ത ഒരു വഴിയിലൂടെ നടന്നു.

പാടങ്ങൾ കണ്ടു.

താമരക്കുളം കണ്ടു.

വീടുകൾ കണ്ടു.

അപരിചിതരായ കുറെ മനുഷ്യരെയും കണ്ടു.


ഇടയ്ക്ക് ഒരു മഞ്ഞ ചിത്രശലഭമെത്തി.

കുട്ടിക്ക് ചുറ്റും പാറിപ്പറന്നു.

ശലഭം കുട്ടിയുടെ കൂടെക്കൂടി.

കുട്ടിക്കുമേല്‍ പറന്നിരുന്നും

കുട്ടിക്കുചുറ്റും വലംവച്ചും..........


പിന്നെ ഒരു ചുവന്ന ശലഭമെത്തി.

അതും കുട്ടിയുടെ കൂടെക്കൂടി.

മലമുകളില്‍ നിന്ന് ഒരുകൂട്ടം ശലഭങ്ങളെത്തി.

താഴ്വരയില്‍ നിന്ന് പലകൂട്ടം ശലഭങ്ങള്‍.

വീട്ടുപറമ്പുകളില്‍നിന്ന്‍

വീടുകള്‍ക്കുള്ളി ല്‍നിന്ന്‍

മറുലോകത്തുനിന്ന്‍

സ്വപ്നങ്ങളില്‍ നിന്ന്‍......


ശലഭങ്ങളുടെ കൂട്ടത്താല്‍ വലയം ചെയ്യപ്പെട്ട് കുട്ടി.

കുട്ടിക്കുചുറ്റുമായി ശലഭങ്ങള്‍.....

കാറ്റും കാലവും

പക്ഷികളും മരങ്ങളും

ആകാശവും ഭൂമിയും

ആ മനോഹരദൃശ്യം കണ്ട് സന്തോഷിച്ചു.


ഒരു മരച്ചോട്ടില്‍ ശലഭങ്ങളാല്‍ മൂടപ്പെട്ട്

കുട്ടി ഇരിക്കുന്നത് കണ്ടവരുണ്ട്.

കുട്ടിയെ കാണാനാവാത്തവിധം

ശലഭങ്ങള്‍ നിബിഢവലയമായി.  


ശലഭങ്ങളുടെ കൂട്ടം പിന്നെയും സഞ്ചരിച്ചു.

സന്ധ്യയായപ്പോള്‍ പല ദിക്കുകളിലേക്ക് പറന്നുപോയി.

ശലഭങ്ങളുടെ വലയം ഇല്ലാതായപ്പോള്‍

അതിനുള്ളിലെ കുട്ടിയെ കാണാതായിരുന്നു!

Comments

Popular posts from this blog

അലങ്കാരം

ഉറുമ്പ്

മരത്തിലെ പുഴ