കൊലയാളി


പലരും നടന്ന വഴികളിലൂടെ 

കൊലയാളിയും നടന്നു.

പലരും കണ്ട കാഴ്ചകള്‍ 

അവനും കണ്ടു.

പലരും അനുഭവിച്ച ശരീരം 

അവനും അനുഭവിച്ചു.


എന്നാല്‍ എല്ലാം വ്യത്യസ്തമായിരുന്നു.

മനുഷ്യരെല്ലാം വ്യത്യസ്തരല്ലേ!

അവന്‍ നടന്ന വഴികളിലൊക്കെ 

മൂന്നാമതൊരാള്‍ ഉണ്ടായിരുന്നു.

അവന്‍ കണ്ട കാഴ്ചകളെ

ഒരു നിഴല്‍ തടവിലാക്കി.

അവന്‍ അനുഭവിച്ച ശരീരങ്ങള്‍ 

അവനെ തിരസ്കരിച്ചു.


അവന്‍ അലഞ്ഞു.

അവന്‍ തെരഞ്ഞു.

എല്ലാം വിഫലമായി.

അവന്‍ പിന്തുടന്നവര്‍

ആള്‍ക്കൂട്ടത്തില്‍ അപത്യക്ഷരായി.

അവന്‍ സ്നേഹിച്ചവര്‍

കാട്ടുപക്ഷികളായി പറന്നകന്നു.


മനുഷ്യര്‍ ചിലപ്പോള്‍ മൃഗങ്ങളാണെന്ന്

അവന്‍ പറഞ്ഞു.

ചിലപ്പോള്‍ പക്ഷികളുമെന്ന്

ആരോ മറുപടി പറഞ്ഞു.

കാറ്റ് വീശി.

ഇല കൊഴിഞ്ഞു.

കാരണമെന്തെന്ന്

അവന് മനസ്സിലായില്ല.


എപ്പോഴോ ഒരിക്കല്‍ 

അവന്‍ ഭ്രാന്തനായി.

ഭ്രാന്തുകൊണ്ട് 

അവന്‍ സ്വയം മുറിവേല്‍പ്പിച്ചു.

രക്തം അവനുമേല്‍

ചിത്രങ്ങള്‍ വരച്ചു.


ഉള്ളിലാകെ കറുത്തതും

പുറത്ത് ചുകന്നതുമായ

ചിത്രങ്ങള്‍ പേറി അവന്‍ നടന്നു.


കടല്‍ത്തീരത്തു കിടന്നാണ്

അവന്‍ മരിച്ചത്.

മണല്‍ പുരണ്ട ശരീരത്തില്‍

ചോര വരച്ച ചിത്രങ്ങള്‍.

തുറന്ന കണ്ണുകളില്‍

ആകാശത്തിന്‍റെ പ്രതിഫലനം.


കാറ്റ് അവനെ അവസാനമായി ചുംബിച്ചു.

അവന്‍ ഉറങ്ങി.

എവിടെനിന്നോ പറന്നുവന്ന 

വെള്ള വസ്ത്രം അവനെ മൂടി.

ജലധാരയില്‍ അവന്‍ ലയിച്ചു.

അഗ്നി അവനെ സ്ഫുടം ചെയ്തു.

മരണം ഏതൊരാളെയും വിശുദ്ധനാക്കുന്നു.

മരണം ഏതൊരാളെയും വിശുദ്ധനാക്കുന്നു.

Comments