ജലവിശുദ്ധി
“പൊട്ടിയ പാത്രത്തിലേക്ക്
എന്തിനു വീണ്ടും ജലം പകരുന്നു?”
“ഞാന്‍ വെള്ളം കോരിക്കൊണ്ടേയിരിക്കും
അത് നിറഞ്ഞുകൊണ്ടേയിരിക്കും.”
“ നിറയുന്നതിനോപ്പം
അത് ഒഴിഞ്ഞുകൊണ്ടേയിരിക്കും.”
“അതിനെന്ത്.....
ജലം നിറയുന്നുണ്ടല്ലോ!”
“പാത്രത്തിലെ ഓട്ട വലുതാവും.
പകരുന്നതിനൊപ്പം തന്നെ
വെള്ളം ഒഴിഞ്ഞുപോവും.
അപ്പോള്‍ നീ എന്ത് ചെയ്യും?”
“അപ്പോഴും ഞാന്‍ ജലം പകരും.
പകര്‍ന്നുകൊണ്ടേയിരിക്കും?”
“ഇതൊരു പാഴ് പ്രവൃത്തി.
തോല്‍വി മാത്രം ബാക്കി....”
“ഒരു പ്രവൃത്തിയും
മുഴുവനായി സഫലമല്ല.
മുഴുവനായി വിഫലവുമല്ല.”
“പാത്രത്തിലെ ഓട്ട അടച്ചുകൂടെ?”
“അതെന്തിന്?”
“ഈ പ്രവൃത്തി പൂര്‍ത്തിയാക്കാം.
മറ്റൊന്ന് ആരംഭിക്കാം.”
“ജലം പകരുന്നത്
ഒരു സത്പ്രവൃത്തിയല്ലേ?
അത് തുടരുന്നത്
സന്തോഷമല്ലേ?”
“ഒരു ദിവസം നിങ്ങള്‍ മരിക്കും.
പാത്രം നിറയുകയുമില്ല.”
“മരിച്ചാലും മരിച്ചില്ലെങ്കിലും
ഇത് നിറയാത്ത പാത്രം.
മറ്റൊരു തരത്തില്‍
ഇത് ഒരിക്കലും ഒഴിയാത്ത പാത്രം.”
അത്രയും പറഞ്ഞ്
വെള്ളം കോരുന്നയാള്‍ അപ്രത്യക്ഷനായി.
പാത്രം നിറഞ്ഞ്
ജലം പുറത്തേക്കൊഴുകാന്‍ തുടങ്ങി.
Comments