രാകേന്ദുകിരണങ്ങൾ


പഴയ മധ്യാഹ്നങ്ങളില്‍

തുറന്നിട്ട ജാലകങ്ങള്‍ ആയിരുന്നു.

വയലില്‍നിന്ന്‍ വീശുന്ന കാറ്റും

ഏതൊക്കെയോ മണങ്ങളും ഉണ്ടായിരുന്നു.

ജാലകവിരികളില്ലാത്ത കാലം.

പങ്കകളില്ലാത്ത കാലം.

റേഡിയോയിലെ

ചലച്ചിത്രഗാനം കേട്ടുകേട്ട്

ഉറങ്ങിപ്പോയിരുന്ന കാലം.

രാകേന്ദുകിരണങ്ങളുടെ കാലം.

വൈകുന്നേരങ്ങളില്‍ വൈകിയുണര്‍ന്നാല്‍ 

സിന്ധുവിനെ കാണാന്‍ പറ്റുമോയെന്ന്‍

വെപ്രാളപ്പെട്ടിരുന്ന കാലം.

കോളേജുപഠിത്തം കഴിഞ്ഞ്

ജോലിതേടിത്തളര്‍ന്ന കാലം. 


ഓ...കാലമെത്ര കഴിഞ്ഞു.

വയലുകള്‍ മാഞ്ഞു.

പുതിയ വീടുകളും

അറിയാത്ത മനുഷ്യരും വന്നു.

ജാലകപ്പാളി തുറക്കാതായി.

ജാലകവിരികള്‍ പലത് വന്നുപോയി.

മരവിച്ച കാറ്റുമായി പങ്ക വെറുതെ കറങ്ങി. 

പഴയ റേഡിയോ ആക്രിക്കാരന്‍ കൊണ്ടുപോയി.

പുതിയ റേഡിയോ മടിയനായി എപ്പോഴും ഉറങ്ങി.

എനിക്ക് ജോലിയായി.

ഭാര്യയായി, മകളായി.

അയല്‍ക്കാരനായി പാലോട് രവി വന്നു.


അധികാരിയായിരുന്ന അച്ഛനും

അനുയായിയായിരുന്ന അമ്മയും

കാലത്തില്‍ മാഞ്ഞുപോയി. 

ഞാന്‍ പുതിയ വീടുവെച്ച് മാറി.

ഒരു ദിവസം നെറ്റില്‍ പരതിയപ്പോള്‍

എസ്. ജാനകിയെയും രാകേന്ദുകിരണങ്ങളേയും കണ്ടു.

രക്തപരിശോധനാലാബില്‍ വച്ചാണ്‌

സിന്ധുവിനെ പിന്നെ കാണുന്നത്.

അപ്പോഴാണ്‌ ജീവിതത്തിലാദ്യമായി

അവളോട്‌ മിണ്ടുന്നത്.  


കലങ്ങുന്ന ചിന്തകളുമായി

പ്രമേഹത്തെ പ്രതിരോധിക്കാന്‍ 

സായാഹ്നസവാരി നടത്തുമ്പോള്‍,

വളവുതിരിഞ്ഞു വരുന്ന പുതിയ ആള്‍

സിന്ധുവാണോയെന്ന്

ഒരു സാധ്യതയുമില്ലെങ്കിലും, 

ലാബിലെ ആ ദിവസത്തിനുശേഷം,

വെറുതെ സംശയിക്കുന്നു.

കാറ്റില്‍ പാറിവരുന്ന

രാകേന്ദുകിരണത്തിന് കാതോര്‍ക്കുന്നു. 


ഒന്നും മനസ്സിലാകുന്നില്ല.

ഒന്നും മനസ്സിലാക്കാതെ

ഒരുദിവസം നമ്മളും......

Comments

Popular posts from this blog

അലങ്കാരം

ഉറുമ്പ്

മരത്തിലെ പുഴ