ചുംബനങ്ങൾ

ചുംബനസമരം നടന്ന ദിവസത്തില്‍

എന്‍റെ രാത്രിയെ ഒരു ചുംബനം കീഴടക്കി.  

ആ കൂറ്റന്‍ ചുംബനത്തിനു ചോട്ടില്‍

അനേകം ചെറുതും വലുതുമായ ചുംബനങ്ങള്‍ ഉണ്ടായിരുന്നു.

നുരയുന്നതും പതയുന്നതുമായ ചുംബനങ്ങള്‍!


ഉറുമ്പുകളെപ്പോലെ പരതിനടക്കുന്നത്.

പാമ്പുകളെപ്പോലെ ഇഴയുന്നത്.

കരുത്തരാത്രിയുടെ ഇരുട്ടുപോലെയുള്ളത്‌.

നിലവിളിക്കുന്നത്......

പല തരത്തിലുള്ള ചുംബനങ്ങള്‍.


പാര്‍ക്കിലൂടെ നടക്കുമ്പോള്‍ 

സന്ധ്യയുടെ മറവില്‍

ഒരു ചുംബനം 

പതുങ്ങി നടക്കുന്നത് കണ്ടു.


തീവണ്ടിയില്‍ യാത്ര ചെയ്യുമ്പോള്‍

പാഞ്ഞുപോകുന്ന കാലത്തിലെവിടെയോ

കാലാതീതമായ ഒരു മനോഹരദൃശ്യം കണ്ടു.

രണ്ടുപേര്‍ ചുംബിക്കുകയാണ്!


റെയില്‍വേസ്റ്റേഷനും ബസ്‌സ്റ്റാന്റിനുമിടയിലെ

മൂത്രത്തിന്‍റെ മണമുള്ള വഴിയില്‍

അരണ്ട വെളിച്ചത്തിന്‍റെ  മടിയിലിരുന്ന്‍

രണ്ടുപേര്‍ മരണത്തോളം ചുംബിച്ചുകൊണ്ടിരിക്കുന്നു


തെരുവില്‍ അലഞ്ഞു നടക്കുന്ന 

ഒരു നാടോടിപ്പെണ്ണ്‍

മധ്യാഹ്നച്ചൂടില്‍ നിന്നൊഴിഞ്ഞ്

മരച്ചുവട്ടില്‍ നിന്ന്‍

ഒരു മധ്യവയസ്ക്കനെ അനായാസമായി ചുംബിക്കുന്നു.

അവളുടെ ചുംബനത്തിന്

മാങ്ങാച്ചൂരിന്‍റെ മണവും മധുരവുമുണ്ടെന്ന്‍

അയാള്‍ പിന്നീട് പറഞ്ഞു.


കൌമാരത്തിന്‍റെ ഇടവഴികളിലെ

തീവ്രവും ചടുലവുമായ ചുംബനങ്ങള്‍

കാലമേറെ കഴിഞ്ഞാലും 

അണയാതെ കിടക്കും.

നീറിപ്പിടിക്കും

പിന്നെയും പിന്നെയും.


വീട്ടമ്മയും ജാരനുമായുള്ള ചുംബനം

സ്വീകരണമുറിയിലെ വൈദ്യുത വെളിച്ചത്തില്‍ ആയിരിക്കും.

ജനാലകള്‍ അടഞ്ഞുകിടക്കും. 

ഫാനിന്‍റെ കാറ്റിലും എസിയുടെ തണുപ്പിലും

അവര്‍ക്ക് വിയര്‍ക്കും..

അവളുടെ വായില്‍നിന്ന്

കാട്ബറീസിന്‍റെ രുചി അയാളിലേക്ക് കലരും.


ഹോസ്റ്റലില്‍ പെണ്‍കുട്ടികള്‍ തമ്മില്‍

ചുംബനത്തില്‍ മുഴുകുമ്പോഴും

തളര്‍ന്ന അവരുടെ കണ്‍പോളകള്‍ 

തുറന്നുതന്നെയിരിക്കും.

ചിലപ്പോള്‍ അവര്‍ അന്ന് പഠിച്ച

ഓസ്മോസിസ്, ഡിഫ്യുഷന്‍

തുടങ്ങിയ കാര്യങ്ങള്‍ ഓര്‍മ്മിക്കും.


ചെറിയ കുട്ടികള്‍ ചുംബിക്കുമ്പോള്‍

ഉമിനീര്‍ കൂടിക്കലരാറില്ല.

വേറെ വേറെ പൂവുകളായി

പരിമളവും ചാരുതയും വിടര്‍ത്തി

ആകാശത്തിനു നേര്‍ക്ക് അത് ഉയര്‍ന്നു നില്ക്കും .


ചുംബനത്തിന്‍റെ അഗാധതയില്‍ വച്ച്

മരണത്തിലേക്ക് പ്രവേശിക്കുക എന്നത്

മനോഹരമായ ഒരു സാധ്യതയാണ്.

എന്നാല്‍ ചുംബനത്തില്‍ നിന്ന്‍ ഒരാള്‍ മാത്രം

അടര്‍ന്നു മറയുക എന്നത് ദുരന്തവുമാണ്.


ഓരോ ചുംബനവും ഓരോ സമരമാണ്.

ഓരോ ചുംബനവും വേര്‍പിരിയലാണ്.

ചുംബനങ്ങളില്ലാത്ത ജീവിതം

ഏകാന്തതയുടെ കൊടുമുടിയാണ്.


കൂടിച്ചേരലുകളുടെയും സംഗമങ്ങളുടെയും

നഗരമാണ് ചുംബനം.

തിരക്കിലൂടെ വെറുതെ നടന്നു മറയുന്ന 

അനാഥമായ ജീവിതം പോലെയുള്ള 

ചുംബനങ്ങളും ഇവിടെയുണ്ട്.


ഏകാന്തചുംബനത്തിലേക്ക് 

ഇനി ഞാന്‍ പ്രവേശിക്കുന്നു.

കാണാത്ത കാഴ്ചകള്‍ കാണാന്‍.

കേള്‍ക്കാത്ത ശബ്ദങ്ങള്‍  കേള്‍ക്കാന്‍!

ആഴത്തില്‍ നിന്ന് കൂടുതല്‍ ആഴത്തിലേക്ക്

നിശബ്ദമായ അനന്തതയിലേക്ക്.

Comments