ഒരു ദിവസം
ഒരുദിനമെങ്ങള്‍ ഉണര്‍ന്നെണീറ്റപ്പോള്‍
പുരയ്ക്കുചുറ്റിനും കടലിരമ്പുന്നു.
തിരകളാര്‍ക്കുന്നു,പുഴയിരമ്പുന്നു
നഗരകാഹളം അലയടിക്കുന്നു.
*
ഒരു തിരയേറി മയിലു വന്നെത്തി.
നിറയെ പിലീകള്‍ വിടര്‍ത്തിനിന്നാടി.
തിര മടങ്ങവേ കവര്‍ന്നെടുത്തെന്‍റെ
പ്രണയസിന്ദൂരം നിറച്ച ചെപ്പിനെ.
കടല്‍ കവര്‍ന്നെന്‍റെ പല കൊതികളും.
ചിലതൊക്കെവന്നു തിരകളിലേറി.
*
മടങ്ങിപ്പോയി, ഞാന്‍ കിടക്കയില്‍ വീണു.
മിഴിയടച്ചൊരുകിനാവിനെത്തേടി.
ഉറക്കവുമില്ല, കിനാക്കളുമില്ല,
കടലിരമ്പുന്നു മനസ്സിനുള്ളിലും.
*
മനസ്സിനുള്ളിലെ തിരകളാടുന്നു.
പനിക്കിടക്കപോല്‍ പകല്‍ തിളക്കുന്നു.
തിരയിലേക്കു ഞാന്‍ സ്വയമെറിയുന്നു.
ഒരഗ്നിഗോളമായ് പുളയുന്നു, ഭൂമി.
****************************************************************************************
Comments