കാഴ്ച
തീവണ്ടിയില്‍ സഞ്ചരിക്കുമ്പോള്‍
പലരെയും കാണാറുണ്ട്.
പല ദേശക്കാര്‍, പല ഭാഷക്കാര്‍
വെളുത്തവര്‍, കറുത്തവര്‍
ധനികര്‍, ദരിദ്രര്‍
പലരുമുണ്ട്.
എന്നാല്‍ ചിലര്‍ വ്യത്യസ്തരാവും
അല്ലെങ്കില്‍ നമുക്ക് അങ്ങനെ തോന്നും.
അവരുടെ ചിത്രം
മനസ്സില്‍ മായാതെ കിടക്കും.
തീവണ്ടി പല സ്റ്റേഷനുകളില്‍ നിറുത്തും.
തിരക്കുള്ളതും വിജനവും
പ്രസാദാത്മകവും ദുഃഖഭരിതവും
പുരാതനവും ആധുനീകവും
വെടിപ്പുള്ളതും അല്ലാത്തതും
അങ്ങനെ പലതരം സ്റ്റേഷനുകളിലൂടെ
കടന്നുപോകുമ്പോള്‍
ചിലതൊക്കെ മനസ്സില്‍ ശേഷിക്കും.
വഴിയോരക്കാഴ്ചകള്‍ പലതാണ്.
തീവണ്ടിയുടെ വേഗത,
മനസ്സിന്‍റെ സഞ്ചാരപഥങ്ങള്‍,
പലതരം ആലസ്യങ്ങള്‍,
ഇതിലൊക്കെ തടഞ്ഞ്
പല ദൃശ്യങ്ങളും തെളിഞ്ഞെന്നു വരില്ല.
എന്നാല്‍ ചില ദൃശ്യങ്ങള്‍ മനസ്സില്‍ തറയ്ക്കും.
ഒറ്റപ്പെട്ട ഒരു വീട്,
മുറ്റമടിക്കുന്ന ഒരു പെണ്‍കുട്ടി,
മുടന്തി നടക്കുന്ന ഒരു നായ,
വയല്‍ വരമ്പിലൂടെ നടന്നുപോകുന്ന രണ്ടുപേര്‍,
അങ്ങനെ എന്തെങ്കിലുമൊക്കെ.
തീവണ്ടിയാത്ര വെറും യാത്രയല്ല.
ഒരു യാത്രയും വെറും യാത്ര മാത്രമല്ല.
ജീവിതംപോലെയോ മരണം പോലെയോ
വ്യക്തമല്ലാത്ത എന്തൊക്കെയോ ഉണ്ട്,
ഓരോ യാത്രയിലും.
ഓരോ നിമിഷത്തിലും.
Comments