സ്തനങ്ങൾ


പുരുഷന്മാരുടെ സ്തനങ്ങളെ

മുലകള്‍ എന്നു വിളിക്കാറുണ്ടോ?

അതിന്‍റെ ചിത്രങ്ങള്‍ 

ഫേസ്ബുക്കിലോ മനസ്സിലോ

മൂത്രപ്പുരയിലോ

ആരെങ്കിലും വരച്ചിടാറുണ്ടോ?


ആരും നുണയാത്ത മുലക്കണ്ണുകള്‍

ഏതു സര്‍പ്പദംശനത്തിനെയാണ്

സ്വപ്നംകാണുന്നത്.

സ്തനാര്‍ബുദം ബാധിച്ച 

പുരുഷസ്തനങ്ങളെ അറുത്തുമാറ്റുമ്പോള്‍

ആര്‍ക്കും  വേവലാതികളില്ല.


മുലകള്‍ വളരുന്നതും കാത്ത്

കുമാരിമാര്‍ അക്ഷമരാകുമ്പോള്‍

കുമാരന്മാര്‍ ക്രിക്കറ്റ് കളിക്കുന്നു.


അവഗണിക്കപ്പെട്ട വെറും അവയവം മാത്രമല്ല

പുരുഷസ്തനം.

കാലത്തിന്‍റെ വഴിയരികിലെ

മോക്ഷം കാത്തുകിടക്കുന്ന ശിലയാണത്.

കാലത്താല്‍ സ്പര്‍ശിക്കപ്പെടാത്തത്!


ഇതാ ഞാന്‍ ഒരു പുരുഷസ്തനത്തില്‍

എന്‍റെ കൈയൊപ്പ്‌ ചാര്‍ത്തുന്നു.

മറ്റൊരാള്‍ സ്പര്‍ശിക്കുന്നതുവരെ

ഇത് മായാതെ കിടക്കും.


അനശ്വരതയിലേക്ക് ഞാന്‍ കണ്ടെത്തിയ

എളുപ്പവഴി.

അവഗണിക്കപ്പെട്ട വഴികള്‍

ചിലപ്പോള്‍ അനശ്വരതയുടെതുമാവാം.


ഓരോരോ അവയവങ്ങള്‍!

Comments

Popular posts from this blog

അലങ്കാരം

ഉറുമ്പ്

മരത്തിലെ പുഴ