രാത്രിസഞ്ചാരം

രണ്ടു മൂന്നാംലിംഗക്കാര്‍ ഇരുട്ടില്‍ നില്ക്കുന്നു.

“ഇരുളിന് ഇന്ന് കട്ടി കൂടുതലാണല്ലേ?”

ഒന്നാമന്‍ രണ്ടാമനോട് ചോദിക്കുന്നു.

“ശരിയാണ്. ഒന്നും കണ്ടുകൂടാ.”

രണ്ടാമന്‍ മറുപടി പറയുന്നു.


ചൂളംകുത്തി കാറ്റ് വരുന്നു.

ടോര്‍ച്ച്‌  തെളിച്ച് പോലീസുകാരന്‍ വരുന്നു.

ആലിംഗനബദ്ധരായി രണ്ടുപേര്‍ വരുന്നു.

ഒരു ഭ്രാന്തി വരുന്നു.

അവള്‍ക്ക് പിന്നാലെ മൂന്ന് മാന്യന്മാരും.


“മഴക്കോളുണ്ട്; മുടിഞ്ഞ ദിവസം.”

“വരും, വരാതിരിക്കില്ല.”

മൊബൈലില്‍ ഒരു അശ്ലീലസന്ദേശം ചിലക്കുന്നു.

മറുപടിയായി ഒരു നഗ്നചിത്രം യാത്രയാവുന്നു.


ചാറ്റല്‍മഴ കാറ്റിനെ ആലിംഗനം ചെയ്യുന്നു.

രണ്ടുപേരും ഒരു കടവരാന്തയില്‍ ഒതുങ്ങുന്നു.

മഴ പെരുകുന്നു.

കാറ്റ് രൂക്ഷമാകുന്നു.

 

ഇരുട്ടിന്‍റെ ഇടവേളകളില്‍ നിറയുന്ന 

മിന്നല്‍ വെളിച്ചത്തിന്‍റെ  ഭ്രാന്തിയില്‍ 

അവര്‍ പരസ്പരം നോക്കിക്കാണുന്നു.

അടുത്ത മിന്നലിനായി പ്രാര്‍ഥിക്കുന്നു.


ചെറിയൊരു മിന്നലിന്‍റെ തിളക്കത്തില്‍

അവര്‍ ആലിംഗനം ചെയ്യുന്നു.

മറ്റൊരു മിന്നലിന്‍റെ  വെളിച്ചത്തില്‍ 

അവര്‍ ചുംബന നിദ്രയില്‍ നിറയുന്നു.


വലിയൊരു മിന്നല്‍പ്പിണര്‍ 

ആ രാത്രിയെ രണ്ടായി പിളര്‍ക്കുന്നു.

എന്തൊക്കെയോ തകര്‍ന്നടിയുന്ന പോലെ

ഇടിമുഴക്കങ്ങള്‍.


മിന്നലിന്‍റെ പ്രകാശച്ചിറകിലേറി

അവര്‍ ആകാശത്തിലേക്ക് കുതിക്കുന്നു.  

ഭൂമിയില്‍ നിന്ന് വേര്‍പെട്ട്

ആകാശത്തില്‍ കുരുങ്ങാതെ

അവര്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.

Comments