ജാലകം


ജാലകം തുറന്നു ഞാന്‍

ജാലകമടച്ചുനീ.

ഒച്ചയില്ലാതെ ഞാനെന്‍

ജാലകമടയ്ക്കുമ്പോള്‍

നിന്‍റെ ജാലകപ്പാളി

മന്ദം നീ തുറന്നെന്തേ?


കാറ്റുവീശുമ്പോള്‍ നിന്‍റെ

ജാലകത്തിരശ്ശീല

കാറ്റില്‍ മന്ദമായ് പാറി.

കാറ്റില്ലാതെയും പാറി.

എന്‍റെ ജാലകത്തിനോ

തിരശ്ശീലകളില്ല.


നിന്‍റെ ജാലകത്തിനു

ഭംഗിയേറ്റുവാനാകാം

പല തിരശ്ശീലകള്‍

ജാലകത്തില്‍ നീ ചാര്‍ത്തി..

മിന്നുന്ന തിരശ്ശീല.

പാറുന്ന തിരശ്ശീല.

ലജ്ജിക്കും തിരശ്ശീല

സ്പന്ദിക്കും തിരശ്ശീല


കരഞ്ഞും ചിരിച്ചാര്‍ത്തും

മൂകമാം വിഷാദത്താല്‍

തളര്‍ന്നും  ലജ്ജാപൂര്‍ണം

തുടുത്തും ഭയത്തിന്‍റെ

ഇടറും വഴികളില്‍

ഭ്രമിച്ചും പലപല

തിരശ്ശീലകള്‍ പാറി.


മാറുന്ന നിറങ്ങളാല്‍

ചിത്രതാളം പേറുന്ന 

വിസ്തൃത വൈവിദ്ധ്യത്താല്‍

ചിലപ്പോളടഞ്ഞതാം 

പാളിതന്‍ ഇരുട്ടിനാല്‍

തിരശ്ശീലയേയില്ലാ

നിഷ്കളങ്കതയാലും

സ്വപ്നത്തിലുലാത്തി നാം.


നമ്മളെ മറച്ചോരു,

ജാലകങ്ങളില്ലാത്ത

പര്‍വതസമാനമാം

കെട്ടിടമുയര്‍ന്നതും

ഇമപൂട്ടിയ കാറ്റും

ഇരുളിന്‍ വലചാര്‍ത്തും

എന്‍റെ ജാലകവാതില്‍

നിത്യമായടച്ചതും

കാലത്തിന്‍ വഴിവക്കില്‍

ശിലകളല്ലെന്നാകില്‍

ഉറയൂരിയവെറും

പാമ്പിന്‍ ചട്ടകളായി

നമ്മള്‍ മാഞ്ഞുപോയതും

കഥയോ കഥയില്ലാ

പ്പടവില്‍ പിടയുന്ന

കാലമോ, അറിയില്ല.


ജാലകങ്ങളില്ലാത്ത 

മുറിയില്‍ മരവിച്ച

മുരളിച്ചയുമായി

ഉറയുന്നാരൊക്കെയോ.

..................

Comments