നദി


കടലിലേക്കൊഴുകാന്‍ മടിച്ച

ഒരു നദി ഉണ്ടായിരുന്നു.

അല്ല, ഇപ്പോഴുമുണ്ട്.


മഴയിലും കൊടുങ്കാറ്റിലും

മലവാരത്തിലൂടെ

യാത്ര ആരംഭിക്കുമ്പോള്‍ തന്നെ

മനസ്സിലെവിടെയോ

സമുദ്രമെന്നൊരു വിചാരം

ഉണ്ടായിരുന്നു.


കരിയിലകളെ നനച്ചും

പുല്‍ത്തലപ്പുകളെ തലോടിയും

മഹാവൃക്ഷങ്ങളെ നമിച്ചും

സാനുക്കളിലൂടെ ഒഴുകുമ്പോള്‍

വെറുതെ ചിരിച്ചുകൊണ്ടിരുന്നു.

എല്ലാം വിശുദ്ധമാക്കുകയായിരുന്നു.

സ്വയം ശുദ്ധീകരിക്കുകയായിരുന്നു.


ഒരു മധ്യാഹ്നഭംഗിയിലൂടെ

പുളഞ്ഞൊഴുകുമ്പോള്‍ 

സ്വന്തം തിളക്കത്തില്‍ 

അഭിമാനം തോന്നി.

തിളങ്ങുന്ന ഉടലും

നൃത്തത്തിന്‍റെ കിലുക്കങ്ങളും

എവിടെയൊക്കെയോ പ്രതിഫലിച്ചു.


വെറുതെയുള്ള വെറും ഒഴുക്കിനപ്പുറം

മനസ്സില്‍ ചിലത് തെളിഞ്ഞു.

അങ്ങനെ ഒഴുക്കിന്‍റെ ദിശ മാറ്റി.

പുതിയ മരങ്ങളെ കണ്ടു.

കരിയിലകളെയും മണ്ണിനെയും

പുല്‍നാമ്പുകളെയും

ധ്യാനിക്കുന്ന വിത്തുകളെയും

മൃഗങ്ങളെയും

പക്ഷികളെയും 

മനുഷ്യരെയും കണ്ടു.


ദാഹമകറ്റുവാനും

ശുദ്ധീകരിക്കുവാനും

പ്രണയിക്കുവാനും

മരിക്കുവാനും

പലര്‍ വന്നു.

എല്ലാവരെയും ചുംബിച്ചുകൊണ്ട്

പുഴ ഒഴുകി.


അമ്മയായും

മകളായും

പുരുഷനായും അല്ലാതെയും

പ്രണയശയ്യയായും

മരണതല്പമായും

പലപല ച്ഛായകള്‍!


സമുദ്രത്തില്‍ ഭ്രമിക്കാതെ

വളവുകളും തിരുവുകളിലും

തെളിഞ്ഞും മറഞ്ഞും

കയറ്റങ്ങളിലേക്ക് തിരിഞ്ഞോടിയും

താഴ്ചകള്ക്ക്  വഴങ്ങാതെയും

എല്ലാവരെയും വിസ്മയിപ്പിച്ചപ്പോള്‍

പലരും ഉപദേശിച്ചു,

സമുദ്രത്തിലേക്കൊഴുകാന്‍.


വട്ടം ചുറ്റി 

ഒഴിഞ്ഞുമാറി,

അദൃശ്യതയിലേക്കും

ആകാശത്തിലേക്കും

ഭൂമിയുടെ ആഴങ്ങളിലേക്കും

സ്വതന്ത്രരായവരെക്കുറിച്ച് അഭിമാനിച്ച്

നദി പിന്നെയും ഒഴുകിക്കൊണ്ടിരുന്നു.


ചില നദികള്‍

മാറിടം ചുരത്തി ക്ഷണിച്ചു.

സമുദ്രത്തിലേക്ക് കൊണ്ടുപോകാമെന്ന്

മോഹിപ്പിച്ചു.

ഈ ഒഴുക്കിനൊരു അവസാനം വേണ്ടെയെന്ന്‍

അശരീരികളുയര്‍ന്നു.


വേണ്ട, വേണ്ട! 

വേണ്ട. വേണ്ട.

നദി ഒഴുകിക്കൊണ്ടിരുന്നു.

ഇപ്പോഴും ഒഴുകിക്കൊണ്ടിരിക്കുന്നു.

ഒഴുകിക്കൊണ്ടിരിക്കുന്നു.

Comments

Popular posts from this blog

അലങ്കാരം

ഉറുമ്പ്

മരത്തിലെ പുഴ