വീട്
ഇടവഴിയിലെ അഞ്ചാമത്തെ വീടിനെ
ഇപ്പോഴും ഓര്‍മ്മിക്കുന്നു.
വെണ്ണയുടെ നിറമുള്ള ചായമടിച്ച വീട്.
ഒറ്റനിലയുള്ള വാര്‍പ്പുവീട്.
മതിലിനു മുകളില്‍ വെള്ളപ്പൂച്ച.
ചുകപ്പിന്‍റെ പരവതാനി വിരിക്കുന്ന ചാമ്പമരം.
ആ വീട്ടില്‍ ഒരമ്മയും അച്ഛനും മൂന്നു കുട്ടികളും.
ഒരു പെണ്ണ്, രണ്ടാണ്....
കനകാംബരം ആ മുറ്റത്ത് ഉണ്ടായിരുന്നോ?
ഉണ്ടായിരുന്നെന്നു തോന്നുന്നു.
ഉണ്ടെങ്കിലെന്ത്
ഇല്ലെങ്കിലെന്ത്?
വാടകവീടായിരുന്നു.
പലരും മാറി മാറി വന്നിരിക്കാം.
എന്നാല്‍ എന്‍റെ ഓര്‍മ്മയില്‍
ആ വീടെന്നത് അവരാണ്.
വെള്ള ഗ്ലാക്സോ വേഷ്ടിയും
മുറുക്കിച്ചുവപ്പിച്ച ചുണ്ടുകളുമുള്ള
ആ മനുഷ്യന്‍.
ഞാന്‍ കോളെജിലേക്ക് പോകുമ്പോള്‍
അല്ലെങ്കില്‍ സ്കൂളിലേക്ക് പോകുമ്പോള്‍
അയാള്‍ ഓഫിസിലേക്ക് പോകും.
മൂന്നു കുട്ടികളും അമ്മയും ടാറ്റാ പറയും.
അവരൊക്കെ അതൊക്കെ മറന്നിരിക്കാം.
എന്നാല്‍ ഞാന്‍ ഓര്‍മ്മിക്കുന്നു.
ഏറ്റവും ചെറിയ ആ മോളുടെ ചിരി
എത്ര മനോഹരമായിരുന്നു.
ആ സന്തോഷങ്ങള്‍ ഞാന്‍ രഹസ്യമായി നുകര്‍ന്നത്
അവരാരും അറിഞ്ഞില്ല.
ഇനിയുമുണ്ട് പലതും കുറിക്കാന്‍
ആ വീടിനെക്കുറിച്ച്.
എന്നാല്‍ എല്ലാം കുറിക്കാന്‍ കഴിയില്ല.
എല്ലാം കുറിക്കാനാവില്ല.
ഒരു ദിവസം ഇനിയും അതുവഴി നടക്കണം.
ആ വെണ്ണയുടെ നിറമുള്ള വീടിനെയും
ചാമ്പമരത്തെയും
അമ്മയെയും അച്ഛനെയും മക്കളെയും കാണണം.
രഹസ്യമായിരിക്കണം.
ഒക്കെയും രഹസ്യമായിരിക്കണം.....
Comments