അമ്മയില്ലാത്തപ്പോൾ


അമ്മയെ ഇപ്പോള്‍ ആരോര്‍ക്കാന്‍.

വെറും ഒരമ്മ.

അമ്മ നടന്ന വഴികളില്‍

കാലടിപ്പാടുകളില്ല.

കൊഴിഞ്ഞുവീണ പൂവിതളുകളില്ല.

ദലമര്‍മ്മരങ്ങളില്ല.


മൂന്നു മക്കള്‍ ഉണ്ടായിരുന്നു.

ഒരു മകള്‍ ജോലി കിട്ടിയതിന്‍റെ മൂന്നാംനാള്‍

കാമുകന്‍റെ കൂടെ ഓടിപ്പോയി.

രണ്ടാം മകള്‍ ഭര്‍ത്താവും മക്കളുമില്ലാതെ

മറ്റൊരു ലോകമില്ലെന്നു പറഞ്ഞ്

അമ്മയെ ഓര്‍മ്മയ്ക്ക്‌ പുറത്തു നിര്‍ത്തി .


പിന്നെയുള്ളത് ഞാന്‍.

മകന്‍.

അമ്മ ആദ്യമൊക്കെ എനിക്കമ്മയായിരുന്നു.

പിന്നെപ്പിന്നെ എന്തായിരുന്നു.

വെറും അമ്മ മാത്രം.


ഓര്‍മ്മിക്കാന്‍ എന്തൊക്കെയുണ്ട്?

മരിച്ചുപോയവരെ എന്തിനോര്‍ക്കണം.

അമ്മ ആരായിരുന്നു.

ആരല്ലായിരുന്നു.

ആര്‍ക്കറിയാം.


അമ്മ എന്നൊരാള്‍ ഉണ്ടായിരുന്നു.

രാവേറെക്കഴിഞ്ഞാലും

മക്കളെ കാത്തിരിക്കുന്നവള്‍.

മക്കള്‍ക്കുവേണ്ടി നാമം ജപിക്കുന്നവള്‍.

മക്കളോട് ക്ഷമിക്കുന്നവള്‍.


അമ്മയില്ലാത്ത വഴിയിലെ 

കൊടുംചൂടില്‍ തളരുമ്പോള്‍

അമ്മയെ ഓര്‍ക്കുന്നു.

തെളിനീരിനെ ഓര്‍ക്കുന്നു.

കാലം ചിരിക്കുന്നു; നിര്‍ദ്ദയം, നിരായാസം.

Comments

Popular posts from this blog

അലങ്കാരം

ഉറുമ്പ്

മരത്തിലെ പുഴ