വൃക്ഷവും സഞ്ചാരിയും


കാമത്തിന്‍റെ  നെറുകയില്‍ ചവിട്ടി

പര്‍വതത്തിലേക്ക് നടന്നുപോയ ഒരാളെ 

താഴ്വാരത്തില്‍ വച്ച് പിന്നീട് കണ്ടുമുട്ടി.


കാഷായവസ്ത്രമായിരുന്നു വേഷം.

ശിഷ്യരായിരുന്നു ചുറ്റിനും.

തേജസ്വിയായിരുന്നു അദ്ദേഹം;

വലിയൊരു വെളിച്ചം പോലെ.


പണ്ട് ഞങ്ങള്‍ താഴ്വരയില്‍ അലഞ്ഞപ്പോള്‍

പലപ്പോഴും കാമത്താല്‍ വിങ്ങിയിരുന്ന ചുണ്ടുകള്‍

ശാന്തമാണ്, ഏകാന്തവും.

വിറകൊണ്ടിരുന്ന വിരലുകള്‍

പര്‍വതശ്രുംഗംപോലെ നിശ്ചലം.

പ്രണയത്തിന്‍റെ പാട്ടുകള്‍ക്ക്  പകരം

അപാരതയില്‍ നിന്നെന്നപോലെ ശാന്തിമന്ത്രങ്ങള്‍.

എപ്പോഴും പുതുരസങ്ങള്‍ തേടിയിരുന്ന നാവ്,

തീരത്തില്‍ വിശ്രമിക്കുന്ന

പങ്കായം വെടിഞ്ഞ ഓടം.

കാഴ്ചകള്‍ക്കായി ഭ്രമിച്ചിരുന്ന കണ്ണുകള്‍

പാതിമാത്രം തുറന്നിരിക്കുന്നു.


അദ്ദേഹം മറ്റൊരാളായി മാറിക്കഴിഞ്ഞു.

ചെറിയ ദുഃഖത്തോടെ ഞാന്‍

പഴയ വഴികളിലൂടെ നടന്നു.

ചായക്കടയിലെ പഴയ ബെഞ്ചിലിരുന്ന്‍

പത്രവും ചായയും നുണഞ്ഞു.

ദോശയും ചായയും വാങ്ങാന്‍ വന്ന

കൌമാരക്കാരിയുടെ 

കിളുന്തു സൌന്ദര്യം കണ്ടു.

വഴിയുടെ അങ്ങേത്തലക്കല്‍ 

ഭ്രാന്തന്‍ പ്രത്യക്ഷനായി.


പഴയ സുഹൃത്ത് സ്വയമൊരു വൃക്ഷമായി മാറിയപോലെ!

ഞാനോ വൃക്ഷങ്ങളുടെ തണലിലൂടെ

അലയുന്ന ഒരു സഞ്ചാരി.....

Comments

Popular posts from this blog

അലങ്കാരം

ഉറുമ്പ്

മരത്തിലെ പുഴ