വലിയവർ



അവരൊക്കെ വലിയ കവികളും

ബുദ്ധിജീവികളും ആയിരുന്നു.

വട്ടമിട്ടിരുന്ന്‍ അവര്‍ ‘വലിയ’ കാര്യങ്ങള്‍ പറഞ്ഞു.

അവരുടെ കാര്യങ്ങള്‍.

പണ്ട് വിപ്ലവം കൊണ്ടുവരാന്‍ പെട്ട പാടുകള്‍!

എഴുതിയ പോസ്റ്ററുകള്‍!

ലിറ്റില്‍ മാഗസീനുകള്‍. 

‘ഇപ്പോഴതുമാതിരിയൊന്നുമില്ല.’

കേട്ടുകൊണ്ടിരുന്ന ഒരു കുട്ടി പറഞ്ഞു:

‘തീപ്പെട്ടിയില്ലാതൊരു വീടുമില്ല.’*


മുതിര്‍ന്ന, ബുദ്ധിജീവിയല്ലാത്ത ഒരാള്‍ ചോദിച്ചു:

“ആ പരിശ്രമങ്ങള്‍ക്കിയില്‍

ജീവിതം വീണുടഞ്ഞ ചിലരുണ്ട്.

അവര്‍ എവിടെ?

തോറ്റവരും ജയിച്ചവരും പറയുന്ന കഥകള്‍ 

ഒന്നുതന്നെയാവില്ല.

ഒരേ പക്ഷത്തില്‍ത്തന്നെ 

തോറ്റവരും ജയിച്ചവരും ഉണ്ടാവുമ്പോള്‍ 

പ്രത്യേകിച്ചും.”


ആത്മരതിയില്‍ അഭിരമിക്കുന്നവര്‍

അത് കേട്ടില്ല.

സാധാരണഭാഷ അവര്‍ക്കു മനസ്സിലാവില്ല. 

അവരുടേത് കോഡുഭാഷ.

അവര്‍ എന്നും സംസാരിച്ചിരുന്നത്

കോഡുഭാഷയില്‍ മാത്രം!


ഇതൊക്കെ കണ്ടും കേട്ടും നിന്ന

ഒരു കുട്ടി പറഞ്ഞു:

‘ക്ലാസ്സ്മേറ്റ് സിനിമപോലെ!’

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~


 

*ഒരു നാടന്‍ ശീല്:

“തീപ്പെട്ടിയില്ലാത്തതിനാല്‍ 

ജനങ്ങള്‍ക്കേര്‍പ്പെട്ട  കഷ്ടം

പറയാവതല്ല.

ഇപ്പോഴതുമാതിരിയൊന്നുമില്ല.

തീപ്പെട്ടിയില്ലാത്തൊരു വീടുമില്ല.”

Comments