കാഴ്ച്ച


പ്രണയത്തിന്‍റെ കൊടുമുടിയില്‍ നിന്ന്

താഴ്‌വരയുടെ അഗാധതയിലേക്ക് നോക്കുമ്പോള്‍

കോടമഞ്ഞും നിശബ്ദതയും കാണാം.


കൊച്ചുപുല്‍ക്കൊടികളെയോ

കാല്‍ച്ചുവട്ടിലിഴയുന്ന ഒച്ചുകളെയോ

കണ്ടുകൊള്ളണമെന്നില്ല.


മേഘങ്ങള്‍ക്കിടയിലൂടെ

പക്ഷികള്‍ ഒഴുകുന്നത്‌ കാണാം.

മഞ്ഞിന്‍ പാളികള്‍ക്കുള്ളില്‍ മറയുന്നവ.


താഴ്വരയിലേക്കെടുത്തു ചാടാനുള്ള വെമ്പലില്‍

പ്രണയത്താല്‍ തുടുത്ത മാനസം ജ്രുംഭിതമാകുമ്പോള്‍

കാറ്റ് വീശുന്നു.


അപ്പോള്‍ കാമുകനോ നക്ഷത്രങ്ങളോ

ഓര്‍മ്മയിലില്ല.

ചുംബനങ്ങളോ രാവുകളോ ഇല്ല.


പ്രണയം മാത്രം.

നീലിമയിലലിയുന്ന മഞ്ഞിന്‍പാളികള്‍ മാത്രം.

പറക്കാനുള്ള വെമ്പല്‍ മാത്രം.


താഴ്വരയിലേക്കുള്ള ആ പറക്കല്‍ 

ഒരു രതിവേഴ്ചയാണ്.

ചുവന്ന നക്ഷത്രങ്ങളിലവസാനിക്കുന്ന വേഴ്ച.


മഞ്ചാടിക്കുരുക്കള്‍ ശേഖരിക്കാന്‍

തുകല്‍ത്തൊപ്പിവച്ച് മഞ്ഞിലൂടെ വരുന്ന കുട്ടികള്‍

ആ ചുകന്ന മുത്തുകള്‍ സഞ്ചിയിലാക്കും.


സഞ്ചിയില്‍ക്കിടന്ന്‍

ആ നക്ഷത്രങ്ങള്‍ ചുംബിച്ചുകൊണ്ടേയിരിക്കും,

മഞ്ഞിലലിഞ്ഞു താഴ്വാരം ഇല്ലാതാകുവോളം.

**********************************

Comments

Popular posts from this blog

അലങ്കാരം

ഉറുമ്പ്

മരത്തിലെ പുഴ