പ്രണയം

അവളെത്തേടി ഞാന്‍ നടന്ന വഴികളില്‍

പുല്ലും പാഴ്ചെടികളും വളര്‍ന്നിരുന്നു.

പിന്നെയൊരിക്കല്‍ ചെന്നപ്പോള്‍

അഞ്ചു നിലയുള്ള ഒരു കെട്ടിടം ഉയര്‍ന്നിരുന്നു.


അവളെ ഞാന്‍ ആദ്യം ചുംബിച്ച കുണ്ടനിടവഴി

ടാറിട്ട റോഡായി.

പിന്നെ എട്ടുവരിപ്പാതയായി.


അവള്‍ക്ക് ഞാന്‍ കരുതിവച്ച മഞ്ചാടിക്കുരു

മരമായി.

പിന്നെ ആകാശമായി.


ഞാന്‍ സ്നേഹിച്ചവള്‍

ഒരു പുഴയായി ഒഴുകിയിരുന്നു.

പിന്നെ തിരകളുള്ള സമുദ്രമായി.


കാലത്തിന്‍റെ ചുവരുകളില്‍ 

ആരോ എന്തൊക്കെയോ എഴുതിവച്ചിരിക്കുന്നു.

മാറിവരുന്ന ചുവരെഴുത്തുകള്‍

വായിച്ചകാലം മറന്നിരിക്കുന്നു.


നിന്‍റെ വീടും നോക്കി ഞാന്‍ നടന്ന രാവുകളിലെ

നിലാവ് മാഞ്ഞുപോയി.

വീടും മാഞ്ഞുപോയി.

മഴ ഒരുമിച്ചു നനഞ്ഞതും

നഗരനിരത്തുകളില്‍ അലഞ്ഞതും പണ്ട്.

രക്തപരിശോധനാലാബില്‍ പിന്നെയും കണ്ടത് ഈയിടെ;

എല്ലാം വെറും ഓര്‍മ്മകള്‍.

 

ഇപ്പോള്‍ ഈ കവിതയെഴുതി ഫെയിസ് ബുക്കിലിടുന്നു.

നിന്‍റെ ലൈക്ക് കിട്ടുന്നതുവരെ 

കവിത ഉണര്‍ന്നിരിക്കുന്നു.

നിന്‍റെ ലൈക്ക് കവിതയെ ചുംബിക്കുമ്പോള്‍

ഇതു വെറും ജടമായി മാറും.

Comments

Popular posts from this blog

അലങ്കാരം

ഉറുമ്പ്

മരത്തിലെ പുഴ