നാട്ടിൻപുറത്തെ വേശ്യ


നാട്ടിന്‍പുറത്തെ വേശ്യയുടെ കാര്യം 

കഷ്ടത്തിലാണ്.

പുതിയ മള്‍ട്ടിപ്ലക്സുകള്‍ വന്നിരിക്കുന്നു.

ഉദാരവല്ക്കണരണം, വിദേശനിക്ഷേപങ്ങള്‍

എല്ലാം പ്രശ്നമാണ്.

**

ഭര്‍ത്താവിന്‍റെ മദ്യപാനം 

പണ്ടത്തെതിലും കഷ്ടം.

പണ്ട് ആള്‍ യോഗ്യനായിരുന്നെന്നല്ല!

കൌമാരം കടന്നതോടെ

മകന്‍ ഭ്രാന്തിന്‍റെ വേലികള്‍ കടന്നു.

ഇപ്പോള്‍ അവന്‍ മുഴുഭ്രാന്തന്‍.

നാട്ടില്‍ കാണാനില്ല.

ആരും അന്വേഷിച്ചതുമില്ല.

തള്ള വല്ലപ്പോഴും നെടുവീര്‍പ്പിടും.

അവള്‍ തിണ്ണയിലിരുന്ന്‍

ആരെങ്കിലും വരുന്നുണ്ടോയെന്ന് നോക്കുമ്പോള്‍

എല്ലാവരും കരുതും,

ഏതോ ഇടപാടുകാരനെ കാത്തിരിക്കയാണെന്ന്.

സംഗതി കുറച്ചൊക്കെ ശരിയുമാവാം.

പക്ഷെ ഒന്നറിയുവിന്‍;

ചിലപ്പോഴെങ്കിലും അവളുടെ കണ്ണുകള്‍ തേടുന്നത്

ഭ്രാന്തുപിടിച്ച ആ കുട്ടിയെയാണ്.

**

നാട്ടിന്‍പുറത്തെ വേശ്യയുടെ കാര്യം

കഷ്ടത്തിലാണ്.

ശരിക്കുള്ള ഭക്ഷണമില്ല.

വസ്ത്രങ്ങളില്ല.

ചമയങ്ങളില്ല.

സ്വപ്നങ്ങളില്ല.

തലേന്നാളത്തെ ചോറില്‍ വെള്ളമൊഴിച്ചത്

അലുമിനിയം കലത്തിലുണ്ട്.

ശരീരത്തിലെവിടെയോക്കെയോ

രോഗങ്ങള്‍ ഉണരുന്നുണ്ട്.

മരക്കൊമ്പിലിരുന്ന്‍ ഒരു കറുത്ത പക്ഷി

അവളെത്തന്നെ നോക്കുന്നു.

നാട്ടിന്‍പുറത്തെ വേശ്യയുടെ കാര്യം

ദുരിതമാണ്.

********************************* '

Comments