പക്ഷിക്കുളം
താഴ്വരയില്‍ ഒരു കുളമുണ്ട്.
പക്ഷികളുടെ കുളം.
ആ കുളത്തില്‍ ജലമില്ല.
പക്ഷികള്‍ മാത്രം.
കുളത്തിന്‍റെ പടവിലിരുന്ന്‍
താഴേക്കുനോക്കിയാല്‍
പക്ഷികള്‍ തളംകെട്ടിക്കിടക്കുന്നത് കാണാം.
കാറ്റടിക്കുമ്പോള്‍ പക്ഷികളുടെ ഓളം.
ഓളത്തില്‍ ചിറകടികള്‍.
പലനിറമുള്ള ചിറകുകള്‍.
പക്ഷിപ്പാട്ടുകളുടെ സംഗീതം.
വിരിഞ്ഞുപൊന്തുന്ന താമരകള്‍
ജലസസ്യങ്ങള്‍
എന്തിന് മത്സ്യങ്ങള്‍ പോലുമുണ്ട്.
ഒരിക്കല്‍ ഞാന്‍ ആ കുളത്തില്‍ കുളിക്കാനിറങ്ങി.
വളരെ ചെറിയ കുട്ടിയായിരുന്നു.
അറിവില്ലാക്കാലം.
കൂട്ടുകാരി കൂടെയുണ്ടായിരുന്നു.
അവസാനത്തെ പടവില്‍ ഞങ്ങള്‍ ശങ്കിച്ചുനിന്നു.
ചെറിയൊരു കാറ്റ് വന്നു.
ഓളത്തിലുയര്‍ന്ന ഒരു പക്ഷിച്ചിറക്
കാലുകളെ സ്പര്‍ശിച്ചു.
മൃദുസ്പര്‍ശം..
പിന്നെയോരോളത്തില്‍
പക്ഷിക്കൊക്കാണ് സ്പര്‍ശിച്ചത്.
എത്ര മധുരതരം.
ഞങ്ങള്‍ കുളത്തിലിറങ്ങി
ആഴത്തിലേക്ക്,
കൂടുതല്‍ ആഴത്തിലേക്ക്,
അഗാധമായ ആഴങ്ങളിലേക്ക്.
ആദ്യം പക്ഷിചിറകുകളുടെ
ആര്‍ദ്രസ്പര്‍ശങ്ങള്‍
പിന്നെ പക്ഷി ശരീരങ്ങളുടെ
സ്നേഹവിന്യാസങ്ങള്‍.
ഒടുവില്‍ പക്ഷിസ്വപ്നങ്ങളുടെ
ആഗാധമായ നിശ്ശബ്ദത.
ഞങ്ങള്‍ വെറും കുട്ടികള്‍.
ഒന്നുമറിയാത്ത കാലം.
പുറത്തെത്തിയ ഞങ്ങള്‍
പൂക്കളുടെ മണമുള്ളവരായിരുന്നു.
പക്ഷിത്തൂവലുകള്‍
ഞങ്ങള്‍ക്കുമേല്‍
സ്നേഹത്തിന്‍റെ കുഞ്ഞുപോറലുകളുണ്ടാക്കി.
കാറ്റുവീശുമ്പോള്‍
ആ മുറിവുകള്‍ ആര്‍ദ്രമായി.
സുഖകരമായ ലയം.
അന്ന് ഏറെനേരം ഞങ്ങള്‍ പടവിലിരുന്നു.
വെയില്‍ മങ്ങി.
സന്ധ്യ വന്നു.
പക്ഷികള്‍ പിന്നെയും പറന്നിറങ്ങി.
ഓളങ്ങള്‍ ഉണര്‍ന്നു .
വീട്ടിലേക്കു മടങ്ങിയത്
മനസ്സില്ലാതെയാണ്.
വലിയ എന്തോ ഒന്ന്
കുളക്കടവില്‍ ഉപേക്ഷിച്ചതുപോലെ.
പിന്നെയൊരിക്കലും
ഞങ്ങള്‍ പക്ഷിക്കുളത്തില്‍ പോയതേയില്ല.
ഞങ്ങള്‍ വളരുകയായിരുന്നു.
പക്ഷിമഴയില്‍ കുളം നിറയുകയും
പക്ഷിവേനലില്‍ കുളം മെലിയുകയും
ചെയ്തുകാണും.
മഞ്ഞുകാലത്ത്
പക്ഷിക്കുളം മൂടലില്‍ മയങ്ങിയിരിക്കും.
വെയില്‍ച്ചൂടില്‍
കുളം കൂടുതല്‍ സുതാര്യമായിരിക്കും.
ഇപ്പോള്‍ എനിക്ക് പ്രായമേറി
വര്‍ഷങ്ങക്കുശേഷം
ഞാന്‍ വന്നിരിക്കുന്നു.
പക്ഷിക്കുളത്തിന്‍റെ പടവില്‍.
കൂട്ടിന് ആരുമില്ല.
കാഴ്ച മങ്ങിയിരിക്കുന്നു.
ഓളങ്ങളുടെ ഭംഗി കാണാന്‍ വയ്യ.
അപ്പോള്‍
പണ്ട് കുളക്കടവില്‍ മറന്നുവച്ച ഒന്ന്‍
കാറ്റിന്‍റെ ചിറകേറി വന്നു.
അതെന്നില്‍ നിറഞ്ഞു.
ഇപ്പോള്‍ ഞാനൊരു കൊച്ചുകുട്ടി.
പക്ഷികള്‍ എനിക്കുചുറ്റും പറക്കുന്നു.
പടവുകള്‍ ഇറങ്ങുകയാണ് ഞാന്‍.
നിമഞ്ജനം.
Comments
....
....