ഡയറി
രാത്രിയില്‍ ഡയറിയെഴുതിയപ്പോഴാണ് ഓര്‍മ്മിച്ചത്
അന്നേദിവസം നിന്നെക്കുറിച്ച് ഓര്‍ത്തതേയില്ലെന്ന്.
കുറ്റബോധത്തോടെ
നിന്നെക്കുറിച്ച് ഡയറിയില്‍ മധുരവാക്കെഴുതി.
*
ഉറങ്ങാന്‍ കിടന്നപ്പോളാണ് തോന്നിയത്
ഇതിനുമുന്‍പും നിന്നെക്കുറിച്ചോര്‍ക്കാത്ത
ദിവസങ്ങള്‍ ഉണ്ടായിരുന്നിരിക്കാമെന്ന്‍
ഒരു പക്ഷെ ആഴ്ചകളോളം
ഇല്ലെങ്കില്‍ മാസങ്ങളോളം....
ഏതായാലും വര്‍ഷങ്ങളോളം എന്ന് പറയാനാവില്ല.
കാരണം നമ്മള്‍ ആദ്യമായി കാണുന്നത്.
മാസങ്ങള്‍ക്ക് മുന്‍പ് മാത്രം.
*
അല്ലെങ്കില്‍ ഓര്‍മിക്കുന്നതില്‍ എന്തര്‍ഥം!
മറക്കുന്നതിലും വലിയ കാര്യമൊന്നുമില്ല.
ഓര്‍മ്മയും മറവിയും
ഒരേ നദിയില്‍ ഒഴുകുന്ന ജലപാളികള്‍.
അനേകം ഓര്‍മ്മകളെ മായ്ക്കാന്‍
ഒരൊറ്റ മറവി മതി.
അനേകം മറവികളെ മായ്ക്കാന്‍
ഒരൊറ്റ ഓര്‍മ മതി.
*
അന്നുരാത്രി ഞാന്‍ എന്‍റെ ഡയറികള്‍ കത്തിച്ചു.
മനോഹരമായ അഗ്നിനാളങ്ങളില്‍ മുഴുകി.
ഓര്‍മ്മയുടെ അഗ്നിനാളങ്ങള്‍,
മറവിയുടെയും.
**
Comments