പഴയ ചേല


ചേല തീരെ പഴയതായി.

വര്‍ഷങ്ങള്‍ക്ക്മുമ്പ് വാങ്ങിയതാണ്.

ഏറെ ആശിച്ച് വാങ്ങിയത്.

ഏറെനേരം തെരഞ്ഞു കണ്ടെത്തിയത്.

രണ്ടു ചേലകളില്‍

ഏതു തെരഞ്ഞെടുക്കണമെന്ന്

കുറച്ചധികനേരം സംശയിച്ചു.

ഒടുവില്‍ ഭര്‍ത്താവിന്‍റെ ക്ഷമ മുറിഞ്ഞു.

അപ്പോള്‍ ഒരെണ്ണം തീര്‍ച്ചയാക്കി.

പക്ഷെ മറ്റേച്ചേല പിന്നെയും

മനസ്സില്‍ക്കിടന്ന്‍ തിളങ്ങി.


രാത്രികളുടെ മാര്‍ദ്ദവം

കാലം കഴിഞ്ഞപ്പോള്‍

ചേലയെ കൈയ്യൊഴിഞ്ഞു.

പകലുകളുടെ പ്രകാശം 

ചേലയുടെ കണ്ണുകളില്‍ മങ്ങലായി.

സന്ധ്യയില്‍ ചേല തുടുത്തില്ല.

ഇരുട്ടിനെ ചേല പേടിച്ചില്ല.


അയയില്‍ ഉണങ്ങാന്‍ കിടക്കുമ്പോള്‍

പണ്ടേപ്പോലെ കാറ്റ് അമ്മാനമാട്ടാറില്ല.

അലമാരയില്‍ വിശ്രമിക്കുമ്പോള്‍

അടുത്തിരിക്കുന്ന ആണ്‍വസ്ത്രത്തോട്‌

ശൃംഗരിക്കാറില്ല.

താഴമ്പൂവിതളില്‍ നിന്ന്

പരിമളം ഊറ്റിക്കുടിക്കാറില്ല. 


ഇനി ഈ ചേല ഉടുക്കാനാവില്ല.

എന്നാല്‍ കൈവിടാനും വയ്യ.

ചേലയില്‍ 

ഓര്‍മ്മകള്‍ പലതു പുരണ്ടിരിക്കുന്നു.

അലമാരയുടെ അടിയില്‍ വിരിക്കാം.

മറ്റുചേലകള്‍ ഇതിന്മേല്‍ വിശ്രമിക്കട്ടെ.


അങ്ങിനെ അടുക്കിവക്കുമ്പോള്‍

ചേലക്കുമേല്‍ കണ്ണീര്‍ വീണതെന്ത്?

തെരഞ്ഞെടുക്കാതെ കടയില്‍ ഉപേക്ഷിച്ച 

മറ്റെച്ചേലയെ ഓര്‍മിച്ചതെന്ത്?


പുഴവക്കില്‍ ഉടഞ്ഞുപോയ

പഴയ മണ്‍കുടത്തെയും

അപ്പോള്‍ അവള്‍ രഹസ്യമായി ഓര്‍മിച്ചു.

Comments

Popular posts from this blog

അലങ്കാരം

ഉറുമ്പ്

മരത്തിലെ പുഴ