നീ.....


ഞാൻ നിന്നിൽ പൂത്തുലഞ്ഞപ്പോൾ

നീ നടന്ന വഴികളാണിവ.

കരിയിലകളിൽ ചവിട്ടുമ്പോൾ

മൃദുലമായ കിതപ്പുകൾ പോലെ...


നിന്‍റെ പാദങ്ങൾ എവിടെ?

പാദസരങ്ങളിൽ പുരണ്ട ധൂളികൾ എവിടെ?

ചാമ്പമരത്തിന്‍റെ റോസ് പരവതാനി എവിടെ?

ഞാൻ പോലും എവിടെ!


ഒച്ച വയ്ക്കാത്ത കാലമേ

വക്കുകൾ പൊട്ടിയ പടവുകളേ

ഒന്നും പ്രതിഫലിക്കാത്ത കണ്ണാടികളേ

കാറ്റിൽ പരക്കാത്ത ഗന്ധങ്ങളേ

ഉരുകുന്ന ഹിമപർവതങ്ങളേ

ചിലതുണ്ട് പറയുവാൻ.


ഒച്ച വയ്ക്കാത്ത കാലത്തിലൂടെ 

ഒരു പുഴ ഒഴുകുന്നുണ്ട്.

ഒരു ശില്പം ഉരുകുന്നുണ്ട്.

ശലഭങ്ങൾ പറക്കുന്നുണ്ട്.


വക്കുകൾ പൊട്ടിയ പടവുകളിൽ

രണ്ടുപേർ ഇരിക്കുന്നുണ്ട്.

മഴ പെയ്യുന്നുണ്ട്.

പക്ഷി തൂവൽ കൊഴിക്കുന്നുണ്ട്.


പ്രതിഫലിപ്പിക്കാത്ത കണ്ണാടികളിൽ

പതിഞ്ഞു കിടക്കുന്ന ചിത്രങ്ങളുണ്ട്.

പഴയ പാട്ടുകളുണ്ട്.

ഒളിപ്പിച്ചുവച്ച ചുംബനങ്ങളുണ്ട്.


കാറ്റിൽ പരക്കാത്ത ഗന്ധങ്ങളിൽ

ഓർമയുടെ സുഷിരങ്ങളുണ്ട്.

നിലാവിന്‍റെ രഹസ്യയറകളുണ്ട്.

രാവിന്‍റെ ഇമയനക്കളുണ്ട്.


ഉരുകുന്ന ഹിമപർവതങ്ങൾ

നക്ഷത്രങ്ങളുടെ പാർപ്പിടം.

ഉടമ്പടിയിലൊപ്പിടാത്തവരുടെ വാനം.

കരയുന്നവരുടെ കടൽ.


ഞാൻ നിന്നിൽ പൂത്തുലഞ്ഞപ്പോൾ

നീ നടന്ന വഴികൾ!

നമ്മൾ ഇല്ലാതായപ്പോൾ

ശൂന്യമായ വഴികൾ!

Comments

Popular posts from this blog

അലങ്കാരം

ഉറുമ്പ്

മരത്തിലെ പുഴ