രഹസ്യസമാഗമം
നിഴൽപ്പൂക്കൾ 125
*************************
വീട്ടില്‍ ഞാന്‍ മാത്രം.
ഫേസ് ബുക്കിലൂടെ അലച്ചില്‍.....
അപ്പോള്‍ മുകളിലത്തെ നിലയില്‍നിന്ന്
ഏതാനുംപേര്‍ കോണിയിറങ്ങി വന്നു.
**
ആരാണിവര്‍?
ആദ്യമൊന്നമ്പരന്നെങ്കിലും
ഞാന്‍ പെട്ടെന്ന്‍ നോര്‍മലായി.
വിരലുകള്‍ കീ ബോര്‍ഡില്‍ ജാഗരൂകരായി.
**
വന്നവര്‍ മുറികളിലൂടെ തലങ്ങും വിലങ്ങും നടന്നു.
ടീവി ഓണ്‍ ചെയ്തു.
സ്വീകരണമുറിയിലെ സോഫയിലിരുന്ന് ചിരിച്ചു.
അടുക്കളയില്‍ ചെന്ന് ഭക്ഷണമെടുത്ത് കഴിച്ചു.
അവര്‍ വീട് കീഴടക്കി.
പക്ഷെ ഞാന്‍ കീഴടങ്ങിയില്ല.
**
പിന്നെയും ഏതാനുംപേര്‍ കോണിയിറങ്ങി വന്നു.
ഞാന്‍ കമ്പ്യൂട്ടറില്‍ ജോലി തുടര്‍ന്നു.
ഇവരും ആദ്യത്തെക്കൂട്ടരെപ്പോലെ
വീടിന്‍റെ കടിഞ്ഞാണ്‍ കൈയിലെടുത്തു.
**
ഇതിനിടെ ആദ്യത്തെ കൂട്ടരും
രണ്ടാമത്തെ കൂട്ടരും കലഹമായി.
ബഹളമായി.
ചിലര്‍ കോണി കയറി മുകളില്‍ പോയി.
ചിലര്‍ മുകളില്‍ നിന്നും താഴെയെത്തി.
വന്നവരും പോയവരും എത്രയെന്ന്
കണക്കൊന്നുമില്ല.
എല്ലാം കൂടിക്കുഴഞ്ഞു.
**
ഭാര്യയും മകളും വരുന്നു.
ഗേറ്റ് തുറക്കുന്ന ശബ്ദം.
ഞാന്‍ കമ്പ്യൂട്ടര്‍ ഓഫ് ചെയ്തു.
വീട്ടിന്‍റെ വാതില്‍ തുറന്നതോടെ
വന്നവരെല്ലാം അപ്രത്യക്ഷരായി.
**
ചുമരിനുള്ളിലും
വാതില്‍ മറവുകളിലും
കോണിച്ചോട്ടിലെ ഇരുട്ടിലും
മറഞ്ഞിരിക്കുന്ന അവരുടെ സ്പന്ദനങ്ങള്‍
എനിക്ക് കേള്‍ക്കാം .
ഞാന്‍ കാതോര്‍ക്കുന്നു.
അദൃശ്യരുടെ ലോകത്തിലാണ് ഞാന്‍.
**
ഭാര്യ ചായയുമായി വരുന്നു.
മകള്‍ ഹോംവര്‍ക്കുമായി വരുന്നു.
ഇപ്പോള്‍ ഇരുളിലെയും മറവിലെയും തുടിപ്പുകള്‍
പൂര്‍ണമായും അവസാനിച്ചിരിക്കുന്നു.
**
ജീവിതം എത്ര നിസ്സഹായം.
ഇലകൊഴിഞ്ഞ സ്വപ്‌നങ്ങള്‍
രാത്രിയുടെ വാതിലിലേക്ക്
തല താഴ്ത്തുന്നു.
**
Comments