താഴ്വരയില് ഒരു കുളമുണ്ട്. പക്ഷികളുടെ കുളം. ആ കുളത്തില്‍ ജലമില്ല. പക്ഷികള്‍ മാത്രം. കുളത്തിന്റെ പടവിലിരുന്ന് താഴേക്കുനോക്കിയാല്‍ പക്ഷികള്‍ തളംകെട്ടിക്കിടക്കുന്നത് കാണാം. കാറ്റടിക്കുമ്പോള്‍ പക്ഷികളുടെ ഓളം. ഓളത്തില്‍ ചിറകടികള്‍. പലനിറമുള്ള ചിറകുകള്. പക്ഷിപ്പാട്ടുകളുടെ സംഗീതം. വിരിഞ്ഞുപൊന്തുന്ന താമരകള്‍ ജലസസ്യങ്ങള്‍ എന്തിന് മത്സ്യങ്ങള്‍ പോലുമുണ്ട്. ഒരിക്കല്‍ ഞാന്‍ ആ കുളത്തില്‍ കുളിക്കാനിറങ്ങി. വളരെ ചെറിയ കുട്ടിയായിരുന്നു. അറിവില്ലാക്കാലം. കൂട്ടുകാരി കൂടെയുണ്ടായിരുന്നു. അവസാനത്തെ പടവില്‍ ഞങ്ങള്‍ ശങ്കിച്ചുനിന്നു. ചെറിയൊരു കാറ്റ് വന്നു. ഓളത്തിലുയര്ന്ന ഒരു പക്ഷിച്ചിറക് കാലുകളെ സ്പര്‍ശിച്ചു. മൃദുസ്പര്‍ശം.. പിന്നെയോരോളത്തില് പക്ഷിക്കൊക്കാണ് സ്പര്‍ശിച്ചത്. എത്ര മധുരതരം. ഞങ്ങള്‍ കുളത്തിലിറങ്ങി ആഴത്തിലേക്ക്, കൂടുതല്‍ ആഴത്തിലേക്ക്, അഗാധമായ ആഴങ്ങളിലേക്ക്. ആദ്യം പക്ഷിചിറകുകളുടെ ആര്ദ്രസ്പര്ശങ്ങള് പിന്നെ പക്ഷി ശരീരങ്ങളുടെ സ്നേഹവിന്യാസങ്ങള്. ഒടുവില്‍ പക്ഷിസ്വപ്നങ്ങളുടെ ആഗാധമായ നിശ്ശബ്ദത. ഞങ്ങള്‍ വെറും കുട്ടികള്‍. ഒന്നുമറിയാത്ത കാലം. പുറത്തെത്തിയ ഞങ്ങള്‍ പൂക്കളുടെ മണമുള്ളവരായിരുന്നു. പക്...
അവരൊക്കെ വലിയ കവികളും ബുദ്ധിജീവികളും ആയിരുന്നു. വട്ടമിട്ടിരുന്ന് അവര്‍ ‘വലിയ’ കാര്യങ്ങള്‍ പറഞ്ഞു. അവരുടെ കാര്യങ്ങള്‍. പണ്ട് വിപ്ലവം കൊണ്ടുവരാന്‍ പെട്ട പാടുകള്‍! എഴുതിയ പോസ്റ്ററുകള്‍! ലിറ്റില്‍ മാഗസീനുകള്. ‘ഇപ്പോഴതുമാതിരിയൊന്നുമില്ല.’ കേട്ടുകൊണ്ടിരുന്ന ഒരു കുട്ടി പറഞ്ഞു: ‘തീപ്പെട്ടിയില്ലാതൊരു വീടുമില്ല.’* മുതിര്‍ന്ന, ബുദ്ധിജീവിയല്ലാത്ത ഒരാള്‍ ചോദിച്ചു: “ആ പരിശ്രമങ്ങള്ക്കിയില് ജീവിതം വീണുടഞ്ഞ ചിലരുണ്ട്. അവര്‍ എവിടെ? തോറ്റവരും ജയിച്ചവരും പറയുന്ന കഥകള്‍ ഒന്നുതന്നെയാവില്ല. ഒരേ പക്ഷത്തില്ത്തന്നെ തോറ്റവരും ജയിച്ചവരും ഉണ്ടാവുമ്പോള്‍ പ്രത്യേകിച്ചും.” ആത്മരതിയില്‍ അഭിരമിക്കുന്നവര്‍ അത് കേട്ടില്ല. സാധാരണഭാഷ അവര്‍ക്കു മനസ്സിലാവില്ല. അവരുടേത് കോഡുഭാഷ. അവര്‍ എന്നും സംസാരിച്ചിരുന്നത് കോഡുഭാഷയില്‍ മാത്രം! ഇതൊക്കെ കണ്ടും കേട്ടും നിന്ന ഒരു കുട്ടി പറഞ്ഞു: ‘ക്ലാസ്സ്മേറ്റ് സിനിമപോലെ!’ ~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~ *ഒരു നാടന്‍ ശീല്: “തീപ്പെട്ടിയില്ലാത്തതിനാല്‍ ജനങ്ങള്‍ക്കേര്‍പ്പെട്ട കഷ്ടം പറയാവതല്ല. ഇപ്പോഴതുമാതിരിയൊന്നുമില്ല. തീപ്പെട്...
ഞാൻ നിന്നിൽ പൂത്തുലഞ്ഞപ്പോൾ നീ നടന്ന വഴികളാണിവ. കരിയിലകളിൽ ചവിട്ടുമ്പോൾ മൃദുലമായ കിതപ്പുകൾ പോലെ... നിന്റെ പാദങ്ങൾ എവിടെ? പാദസരങ്ങളിൽ പുരണ്ട ധൂളികൾ എവിടെ? ചാമ്പമരത്തിന്റെ റോസ് പരവതാനി എവിടെ? ഞാൻ പോലും എവിടെ! ഒച്ച വയ്ക്കാത്ത കാലമേ വക്കുകൾ പൊട്ടിയ പടവുകളേ ഒന്നും പ്രതിഫലിക്കാത്ത കണ്ണാടികളേ കാറ്റിൽ പരക്കാത്ത ഗന്ധങ്ങളേ ഉരുകുന്ന ഹിമപർവതങ്ങളേ ചിലതുണ്ട് പറയുവാൻ. ഒച്ച വയ്ക്കാത്ത കാലത്തിലൂടെ ഒരു പുഴ ഒഴുകുന്നുണ്ട്. ഒരു ശില്പം ഉരുകുന്നുണ്ട്. ശലഭങ്ങൾ പറക്കുന്നുണ്ട്. വക്കുകൾ പൊട്ടിയ പടവുകളിൽ രണ്ടുപേർ ഇരിക്കുന്നുണ്ട്. മഴ പെയ്യുന്നുണ്ട്. പക്ഷി തൂവൽ കൊഴിക്കുന്നുണ്ട്. പ്രതിഫലിപ്പിക്കാത്ത കണ്ണാടികളിൽ പതിഞ്ഞു കിടക്കുന്ന ചിത്രങ്ങളുണ്ട്. പഴയ പാട്ടുകളുണ്ട്. ഒളിപ്പിച്ചുവച്ച ചുംബനങ്ങളുണ്ട്. കാറ്റിൽ പരക്കാത്ത ഗന്ധങ്ങളിൽ ഓർമയുടെ സുഷിരങ്ങളുണ്ട്. നിലാവിന്റെ രഹസ്യയറകളുണ്ട്. രാവിന്റെ ഇമയനക്കളുണ്ട്. ഉരുകുന്ന ഹിമപർവതങ്ങൾ നക്ഷത്രങ്ങളുടെ പാർപ്പിടം. ഉടമ്പടിയിലൊപ്പിടാത്തവരുടെ വാനം. കരയുന്നവരുടെ കടൽ. ഞാൻ നിന്നിൽ പൂത്തുലഞ്ഞപ്പോൾ നീ നടന്ന വഴികൾ! നമ്മൾ ഇല്ലാതായപ്പോൾ ശൂന്യമായ വഴികൾ!
Comments