മതിലുകളിൽ ഒന്ന്

ഒന്നാമത്തെ മതിലിനും

ഒന്‍പതാമത്തെ മതിലിനുമിടയിലെ

ഏഴു മതിലുകളില്‍ 

ഒന്നാണ് ഞാന്‍.


ഒന്നാമത്തെ മതിലാണ്

ആദ്യത്തെ മതിലെന്ന്

ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്കറിയാം.

ഒന്‍പതാമത്തെ മതില്‍ 

അവസാനത്തെ മതിലാണെന്ന്

ഞാന്‍ പറയുമ്പോള്‍ നിങ്ങള്‍ അറിയുന്നു.


ഇടയ്ക്കുള്ള ഏഴു മതിലുകളില്‍ ഒന്ന്.

എത്രാമത്തെതെന്ന്‍ വ്യക്തമായി അറിയില്ല.

ചിലര്‍ നാലാമത്തെ മതിലെന്ന്‍

എന്നെക്കുറിച്ചു പറയാറുണ്ട്.

മറ്റുചിലര്‍ അഞ്ചാമത്തെതെന്നു പറയും.

അങ്ങനെ ഒന്നു മുതല്‍ അനന്തം വരെയുള്ള

ഏതെങ്കിലും സംഖ്യയില്‍ കുരുക്കാന്‍ നോക്കും.


അത് അവരുടെ ഇഷ്ടം.

നമുക്ക് നഷ്ടമൊന്നുമില്ല.

നഷ്ടപ്പെടുന്നത് അവര്‍ക്ക് തന്നെ.

തെറ്റായ കണക്കുകൂട്ടല്‍

അവരെ തെറ്റായ ദിശയിലേക്ക് കൊണ്ടുപോകും.

ഗതിതെറ്റി അവര്‍ ഉഴലും.

ഉഴലട്ടെ!


വഴികാട്ടിയാവാനും

വഴി തെറ്റിക്കാനും

ഞങ്ങള്‍ കാരണക്കാരാകില്ല.

ഞങ്ങളുടെ മറവില്‍ വന്നു നിന്ന്‍

കാമുകീകാമുകന്മാര്‍ 

കാത്തുനില്‍ക്കുകയോ സല്ലപിക്കുകയോ ഇല്ല.

യാത്രികര്‍ ദിശ തെരയുകയുമില്ല.


അപ്രസക്തരാണ് ഞങ്ങള്‍.

ചരിത്രത്തിലും ഭൂമിശാസ്ത്രത്തിലും 

ഞങ്ങളില്ല!

കണക്കും കവിതയും 

ഞങ്ങളെ സ്പര്‍ശിക്കുന്നില്ല.

ഊര്‍ജതന്ത്രവും രസതന്ത്രവും

ഞങ്ങളെ അലട്ടുന്നില്ല.


ചിലപ്പോള്‍ ചില കുരുവികള്‍

ഞങ്ങള്‍ക്കുമേലിരുന്നു വിശ്രമിച്ചേക്കാം.

ചില അപ്രസക്തരായ മനുഷ്യര്‍

കാരണമില്ലാതെ ഞങ്ങള്‍ക്കുമുന്നില്‍

അല്ലെങ്കില്‍ ഞങ്ങളെച്ചാരി നിന്നേക്കാം.

ചിലപ്പോള്‍ ചില നായ്ക്കള്‍

ഞങ്ങള്‍ക്കുമേല്‍ മൂത്രമൊഴിച്ചേക്കാം.

അതിലൊന്നും കാര്യമില്ല.


ഒന്നാമത്തെ മതിലിനുമപ്പുറം

മറ്റൊരു മതില്‍ വന്നാല്‍

എല്ലാം മാറിമറിയും.

ദിശാസൂചിയായി വിലസിയവന്‍

ഞങ്ങളെപ്പോലെ വെറും മതിലായി മാറും.

ഒന്‍പതാമനപ്പുറം മറ്റൊരു മതില്‍ വന്നാലും

കഥകള്‍ മാറിമറിയും.

നമുക്ക് മാറ്റമൊന്നുമില്ല.


വയസ്സെന്തെന്നറിയാത്ത അജ്ഞാനിയോ

ജന്മനക്ഷത്രം നഷ്ടപ്പെട്ട ഭ്രാന്തനോ

ആരാണ് ഞാന്‍; അല്ലെങ്കില്‍ ഞങ്ങള്‍.

ആര്‍ക്കറിയാം?


ഒരു ദിവസം

കൊടുംകാറ്റിലും മഴയിലും

ഈ ഭൂമിയാകെ ഉലയുമെന്നും

മതിലുകളൊക്കെ ഉടയുമെന്നും

പ്രളയജലത്തില്‍ എല്ലാം നിരപ്പാകുമെന്നും  

ഞങ്ങള്‍ക്കറിയാം.

ഒന്നാമത്തെയും ഒന്‍പതാമത്തെയും മതിലുകള്‍

ഒരിക്കലും അറിയാനിടയില്ലാത്ത

രഹസ്യമാണിത്.


നോക്ക്!

കാര്‍മുകിലുകള്‍ വാനിലുയരുന്നുണ്ട്.

മരങ്ങളില്‍ കാറ്റ് പടരുന്നുണ്ട്.

മുദ്രാവാക്യങ്ങള്‍ ഉയരുന്നുണ്ട്.

ആ ദിവസം, ഒരു പക്ഷെ ഇന്നുതന്നെയാവാം.

Comments