സ്വപ്നനഗരി


മൂന്നു പകലും മൂന്നു രാത്രിയും 

അയാള്‍ ഒരേ ദിശയില്‍ സഞ്ചരിച്ചു.

അപ്പോള്‍ സ്വപ്നനഗരത്തില്‍ എത്തി.

**

ഒരു പ്രഭാതത്തിലാണ് 

അയാള്‍ അവിടെ എത്തിയത്.

ചെറിയ നഗരം.

ചെറിയ തെരുവുകള്‍.

വലിയ ആര്‍പ്പുവിളികളില്ല.

ആരവങ്ങളില്ല.

നഗരം സ്വച്ഛമാണ്.

ശാന്തവും.

**

ഇളം കാറ്റ് വീശുന്നുണ്ട്.

വെയിലിനു വലിയ ചൂടില്ല.

ആരും വലിയ തിരക്കിലല്ല. 

ആരും ഉദാസീനരുമല്ല.

**

ഇതെന്‍റെ സ്വപ്നനഗരം തന്നെ.

- നഗരത്തിലെ തെരുവുകളിലൂടെ 

നടക്കുമ്പോള്‍ അയാള്‍ പറഞ്ഞു.

ഇതെന്‍റെ നഗരം തന്നെ.

- നഗരത്തിലെ ഭക്ഷണശാലയിലിരുന്ന്

രുചിയുള്ള ഭക്ഷണം കഴിക്കുമ്പോള്‍

അയാള്‍ പറഞ്ഞു.

**

അവിടുത്തെ വീടുകളെല്ലാം

മരങ്ങളിലായിരുന്നു.

ചെറിയ വെടിപ്പുള്ള വീടുകള്‍.

മരച്ചില്ലകള്‍ക്കിടയില്‍

ഇലകളുടെ മറവില്‍ 

ഒളിച്ചിരിക്കുന്ന വീടുകള്‍.

അയാള്‍ അവയെ കൂടുകള്‍ എന്ന് വിളിച്ചു.

**

സന്ധ്യയില്‍ നഗരം കൂടുതല്‍ സുന്ദരമായി;

നഗരത്തിലെ മനുഷ്യരും.

ആകാശം ചുകന്നു തുടുത്തു.

നിഴലുകള്‍ക്ക്  ഇളം ചുകപ്പുനിറം.

തെരുവുകളും ചുകപ്പ്.

നല്ല ഭംഗിയുണ്ടെന്ന്

അയാള്‍ തന്നത്താന്‍ പറഞ്ഞു.

**

അയാളോട് ആരും ചോദ്യങ്ങള്‍ ചോദിച്ചില്ല.

അയാള്‍ക്ക്  സ്വാതന്ത്ര്യമായിരുന്നു.

അയാള്‍ ചോദിച്ച സംശയങ്ങള്‍ക്ക് 

ക്ഷമയോടെ സൌമ്യമായി,

അവര്‍ മറുപടി പറഞ്ഞു.

കാറ്റ് വീശിക്കൊണ്ടിരുന്നു.

**

ഒടുവില്‍ സന്ധ്യ മായുകയായി.

രാത്രി എവിടെ തങ്ങുമെന്ന്

അയാള്‍ മനസ്സിലോര്‍ത്തു.

അപ്പോള്‍ എതിരെ വന്ന ഒരു വൃദ്ധന്‍ 

അയാളോട് അതേ ചോദ്യം ചോദിച്ചു.

അയാള്‍ ഒന്നും മിണ്ടിയില്ല.

തൊട്ടടുത്തുള്ള വൃദ്ധന്‍റെ വീട്ടിലേക്ക്

അയാളെ കൂട്ടിക്കൊണ്ടു പോയി.

**

വെടിപ്പും ഭംഗിയുമുള്ള മുറികള്‍.

നല്ല ഭക്ഷണം.

സുഖമുള്ള ശയ്യ.

സ്നേഹമുള്ള വീട്ടുകാര്‍.

എല്ലാം അയാള്‍ക്ക്  ഇഷ്ടമായി.

അയാള്‍ രാത്രിയില്‍ സുഖമായി ഉറങ്ങി.

**

അടുത്ത ദിവസംതന്നെ

അയാള്‍ക്ക്  ചെറിയൊരു ജോലിയായി.

ദിവസവും വേതനമായി.

താമസത്തിന് സ്വന്തം കൂടായി.

എല്ലാം സുഖകരമായി.

**

ഒരാഴ്ച അങ്ങനെ പോയി.

ഒരു മാസം അങ്ങനെ പോയി.

പിന്നെ ഒരു സന്ധ്യയില്‍

വന്നവഴിയിലൂടെ ദിശതെറ്റാതെ

അയാള്‍ തിരിച്ചുനടക്കുവാന്‍ തുടങ്ങി.

*****************************

Comments