ആണിയടിക്കുമ്പോൾ...


ആണിയടിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍

പലതുണ്ട് കാര്യങ്ങള്‍.


അടിയുടെ ശക്തി 

കൂടരുത്, കുറയുകയുമരുത്.

ഒരു പ്രത്യേക താളം വേണം അടിക്ക്.

ഇല്ലെങ്കില്‍ സംഗതി അലമ്പാകും.


ആണി ചരിയരുത്.

വളയുകയുമരുത്.

സൂക്ഷ്മമായി

ഏകാന്തമായി

ആണിയും അത് അടിക്കുന്നവനും 

ലക്ഷ്യത്തിലേക്ക്  പ്രവേശിക്കണം.


വളഞ്ഞുപോയ ആണി

പാഴായിപ്പോയ ജീവിതം.

ചരിഞ്ഞുപോയ ആണിയ്ക്ക്

പിസയിലെ ഗോപുരത്തെയോര്‍ത്ത് 

സ്വയം മേനിനടിക്കാമെങ്കിലും

സത്യത്തില്‍ കാര്യമൊന്നുമില്ല.


പരാജയപ്പെട്ട ആണികള്‍ 

ചുരുണ്ടും വളഞ്ഞും 

നമ്മുടെ ജീവിതപരിസരങ്ങളില്‍ ഉണ്ടാകും.

കണ്ടില്ലെന്നു നടിക്കരുത്.

അവയെ പ്രകോപിപ്പിക്കുകയുമരുത്

തുരുമ്പുള്ള ആണി അപകടകാരിയാണെന്ന്

അറിയാമല്ലോ.


ശവപ്പെട്ടിയില്‍ വീഴുന്ന അവസാനത്തെ ആണി

ഒരു പ്രതീകമാണ്.

കണ്ണീരും ഓര്‍മ്മകളും

ആ ആണിയില്‍ ഉണ്ടായിരിക്കും.

ചിലപ്പോള്‍ രക്തതുള്ളികളും.


വീടുപേക്ഷിച്ചുപോയ ആണികള്‍

വഴിയരികില്‍ വച്ച് 

പഴയ വീട്ടുകാരെ കാണുമ്പോള്‍

ഒളിച്ചുകളയും.

ഇല്ലെങ്കില്‍ മുഖം തിരിക്കും.


രാത്രിയില്‍ ഒറ്റക്കിരിക്കുമ്പോള്‍

ചില ആണികള്‍

ഉന്മാദികളെപ്പോലെ പാഞ്ഞുവരും.

അവ തറഞ്ഞുകയറും.

ചിലപ്പോള്‍ രക്തമാവും 

ചിലപ്പോള്‍ കണ്ണീരാവും

നമ്മില്‍ നിന്ന് പുറത്തുവരുന്നത്. 


സ്വപ്നങ്ങളിലേക്ക് കടന്നുവരുന്നവ

സ്വപ്നങ്ങളില്‍ നിന്ന് പുറത്തുവരുന്നവ

സ്വപ്നം കാണുന്നവ

സ്വപ്നമെന്നതേ എന്തെന്നറിയാത്തവ

പലതരം ആണികളുണ്ട്.


ഉറങ്ങുന്ന ആണികള്‍.

ഉണര്‍ന്നിരിക്കുന്ന ആണികള്‍.

പ്രണയിക്കുന്ന ആണികള്‍.

മരിച്ചുപോയ ആണികള്‍.

വിരഹികളായ ആണികള്‍.

ആണികള്‍ പലതാണ്.


ഒരു സ്വര്‍ണ്ണആണിയും

വെള്ളിയാണിയും

അലുമിനിയം ആണിയെ ചതിച്ചത്

വെറും കഥയല്ല. 

ഇരുമ്പാണിയും ചെമ്പാണിയും

പ്രണയിച്ചതും

അവര്‍ക്ക്  ജനിച്ച വെങ്കലആണി

പിള്ളത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ടതും

പത്രത്തില്‍ വായിച്ചതല്ലേ.


ആഭരണത്തിലും കൊലക്കത്തിയിലും

ആണികളുണ്ട്.

മരണത്തിലും ജീവിതത്തിലും

എവിടെയുമെവിടെയും ആണികള്‍.

 

നിറം, വലിപ്പം, രാസഘടന

എന്നീ തരത്തില്‍ വേര്‍തിരിക്കുക

അത്ര എളുപ്പമല്ല.

മുള്ളാണിമുതല്‍ പിരിയാണിവരെ

പലതരം ആണികള്‍!

ചില ആണികളെ കണ്ടാല്‍ 

ആണികളെന്നു തിരിച്ചറിയില്ല. 

മനുഷ്യരാണോയെന്നുപോലും

സംശയം തോന്നും.


ആണികള്‍ മനുഷ്യര്‍ക്കുമേല്‍ 

അധീശത്വം നേടുന്ന ഒരു കാലം വരുമെന്ന്

സൈദ്ധാന്തികനായ സുഹൃത്ത് പറഞ്ഞു.

ആര്‍ക്കും  ആരെയും വരുതിയിലാക്കാനാവില്ലെന്ന്‍

അരാജകവാദി തര്‍ക്കിച്ചു.


ഇതൊന്നുമറിയാതെ 

ആണികള്‍ തറഞ്ഞുകയറിക്കൊണ്ടിരിക്കുന്നു.

വലിച്ചൂരപ്പെട്ടുകൊണ്ടും!


````````````````````````````````````````````````````

Comments