മേരി മാഗ്ദലിൻ

മേരിമാഗ്ദലിന്‍ മരച്ചുവട്ടില്‍ നില്ക്കുന്നു.

പതിനേഴു വയസ്സുള്ള മകള്‍ കൂടെയുണ്ട്.

യേശുവിന്‍റെ ശാന്തസംഗീതവും,

മേരിയുടെ പ്രണയച്ചുകപ്പും

കൂടിക്കലര്‍ന്ന സുന്ദരിക്കുട്ടി!


അവന്‍ വരുമെന്ന പ്രതീക്ഷയുമായി 

മേരി മഗ്ദലിന്‍ കാത്തു നില്ക്കുന്നു.

യേശുവിന്‍റെ  ശിഷ്യന്മാര്‍ പ്രവാചകവചനം പാടി

അതുവഴി പോയി.

ജോസഫ്‌ വടിയൂന്നി മറിയയുമൊത്ത്

നടന്നുപോയി.

യൂദാസ് എന്തോ പിറുപിറുത്തുകൊണ്ട് 

അക്കല്‍ദാമയിലേക്ക് പോയി.

പലരും വന്നുപോയി.


സന്ധ്യയായപ്പോള്‍ 

വഴിപോക്കനായ ഒരു വൃദ്ധന്‍ പറഞ്ഞു.

‘മോളെ നേരമിരുട്ടുന്നു.

അമ്മയെ വിളിച്ചുകൊണ്ടു പോ.’

‘അമ്മ വരുന്നില്ലങ്കിള്‍’

- മകള്‍ പറഞ്ഞു.

‘നിനക്ക് ചെറുപ്പമാണ്

മോളും വളര്‍ന്നു കഴിഞ്ഞു.

നേരമിരുട്ടുന്നു.

ഇനി ഇവിടെ നില്ക്കണ്ട.’

അവന്‍ ഇതിലെ വരുമെന്നായി മേരി.

ഭ്രാന്തു കലക്കിയ അവളുടെ കണ്ണുകളില്‍

കാമമെരിയുന്നത് വൃദ്ധന്‍ കണ്ടു.

അയാളുടെ മനസ്സിലൂടെ കലക്കവെള്ളം 

മുഴക്കത്തോടെ ഒഴുകി.

മോളുടെ നെറുകയില്‍ അയാള്‍ തഴുകി 

കവിളില്‍ ചുംബിച്ചു.

എന്നിട്ട് പടിഞ്ഞാറോട്ട് നടന്നുപോയി.


ഇപ്പോള്‍ മകളും അമ്മയും പതുക്കെ നടക്കുന്നു.

വീട്ടിലേക്കാവാം.

യേശുവിന്‍റെ ചുവരുകളും 

യേശുവിന്‍റെ മേല്‍ക്കൂരയുമുള്ള 

വീട്ടിലേക്ക്!

യേശു മാത്രമുള്ള വീട്ടിലേക്ക്.

Comments

Popular posts from this blog

അലങ്കാരം

ഉറുമ്പ്

മരത്തിലെ പുഴ