വിതാനങ്ങൾ

വിതാനങ്ങൾ


ജലത്തിലൂടൊരാള്‍

ഒഴുകിപ്പോകുന്നു.

ജലമനുഷ്യനെന്നവര്‍ പറയുന്നു.


ബധിരന്‍ രാവിനെ പുണരുന്നു.

രാവിന്‍ ഇരുളില്‍ 

ചെമ്പകം പുളകമാര്‍ക്കുന്നു.


ചില കുമാരിമാര്‍ വരുന്നു.

കാടിന്‍റെ വിജനതകളില്‍

അവര്‍ ചരിക്കുന്നു.


മതിലുകള്‍ ചുറ്റും ഉയരുന്നു.

അതിന്‍ മുകളിലൂടൊരു

കിളി പറക്കുന്നു.


വിധവകള്‍ ചിലര്‍

നിശ്ശബ്ദരാകുന്നു.

അവരുടെ വീണ

ഉതിര്‍ക്കുന്നു നാദം.


മരുഭൂവില്‍ പകല്‍ ജ്വലിക്കുന്നു.

പെണ്ണിന്‍ പ്രണയത്തിലോടം

അതില്‍ തോണിക്കാരന്‍.

മണലിലൂടോടം

അതിന്‍ പതാക പാളുന്ന ശിഖരം.


വരുന്നു അമ്മയും മകനും.

കാലത്തിന്‍ വഴികളിലൂടെ

ഒഴുകുന്നോര്‍മ്മകള്‍.

അവരിലൂടൊരു പുഴയൊഴുകുന്നു.


അവര്‍ക്കായി വാനം

ഇതള്‍ വിടര്‍ത്തുന്നു.


ജലത്തിലൂടഗ്നി നടപ്പതും

പാട്ടിന്‍ അഗാധനീലിമ

സ്വയം തുടിപ്പതും

മനുഷ്യരും കാടും

മൃഗങ്ങളും നാടും

പറവകള്‍, പുഴ

തൃണങ്ങള്‍, ആകാശം,

സമസ്തവും കൂടിക്കലരുന്നു.

എങ്ങോ മണി മുഴങ്ങുന്നു.

Comments

Popular posts from this blog

അലങ്കാരം

ഉറുമ്പ്

മരത്തിലെ പുഴ