പ്രകാശം



ഞാന്‍ നടന്നുകൊണ്ടിരിക്കുന്നു.

പാതയോരത്തെ കൂറ്റന്‍ മരം

എപ്പോഴോ അപ്രത്യക്ഷമായി.

പാതിരാവിന്‍റെ പടവുകള്‍

കാണേക്കാണേ കാണാതായി.

താമരക്കുളം വറ്റിവരണ്ടു.

പിന്നെ ഇല്ലാതെയായി.

വഴിവക്കില്‍  കാണാറുണ്ടായിരുന്നവള്‍

കാലപ്രവാഹത്തില്‍ കടപുഴകി.

അമ്മ കാറ്റില്‍ പറന്നു പോയി.

അച്ഛന്‍ മഴയില്‍ ഒലിച്ചു പോയി.

പക്ഷികള്‍ പാട്ടുനിറുത്തി;

പ്രസംഗം ശീലമാക്കി.

പുഴയിലെ പാലം

ഫ്ലൈ ഓവറിനു ചുവട്ടില്‍ ഉറക്കമായി. 

മന്ത്രക്കളങ്ങളില്‍ ചാത്തനുമില്ല,

ദേവിയുമില്ല.

വിജനത രംഗം ഭരിക്കുന്നു.


നിരത്ത് മുറിച്ചുവന്ന 

ഒരു നിമിഷം മാത്രം

അണയാത്ത ദീപനാളം പോലെ

പ്രകാശിച്ചുകൊണ്ടിരിക്കുന്നു.

Comments

Popular posts from this blog

അലങ്കാരം

ഉറുമ്പ്

മരത്തിലെ പുഴ