കാലമോ, നക്ഷത്രമോ


തുറന്നു ഞാന്‍

തുറക്കാത്ത അറകള്‍ 

നിനക്കായി.

കുഞ്ഞു രഹസ്യങ്ങള്‍,

സ്വപ്‌നങ്ങള്‍ തന്‍

മഞ്ഞക്കൊട്ടാരങ്ങള്‍,

സന്ധ്യതന്‍

തുടിപ്പ്,

മഴച്ചിരിയും

കരച്ചിലും.


തുറന്നൂ നിനക്കു ഞാന്‍

തുറക്കാ വെളിച്ചങ്ങള്‍.

മാനം കാണാത്ത

മറുകുകള്‍.

ജലം തുളുമ്പാത്തടാകങ്ങള്‍

മണല്‍ച്ചുഴികള്‍

മാരിവില്ലുകള്‍

മയില്‍പ്പീലികള്‍

മരീചികകള്‍.


തുറന്നൂ നമ്മള്‍ മെല്ലേ

പിന്നെയും കവാടങ്ങള്‍.

പിറന്നൂ പുതുലോകം.

തണുപ്പില്‍ ഉറങ്ങിയും

താപത്തില്‍ പ്രകാശിച്ചും

രാത്രിയില്‍ സന്ദേഹിച്ചും

ശിശിരത്തിലേകാന്തം

വിരലാല്‍ വിരല്‍ കോര്‍ത്തും

എത്ര പുതുലോകങ്ങള്‍ 

എത്ര പുതുക്കാഴ്ചകള്‍ 

തുറന്നൂ നമ്മള്‍ പിന്നെ

എത്രയോ കവാടങ്ങള്‍.


കാറ്റുവന്നു തുറന്ന കവാടങ്ങള്‍

മൃത്യു രാവിലടച്ച കവാടങ്ങള്‍

അഗ്നിയാകെയുലച്ച കവാടങ്ങള്‍

താഴുവീണു ദ്രവിച്ച കവാടങ്ങള്‍

പുത്തനായി പണിത കവാടങ്ങള്‍

കത്തിക്കത്തിപടരും കവാടങ്ങള്‍

അണയും കവാടങ്ങള്‍

ഉയരും കവാടങ്ങള്‍.

എത്രയെത്ര കവാടങ്ങളങ്ങനെ!


എന്നു നാം തുറന്നത്?

എന്നു നാം അടച്ചത്?

കവാടം തുറന്നാരോ വരുന്നു.

ഇന്നോളം വരാത്തൊരാള്‍

കവാടം തകരുന്നു.


ഒടുവിലെത്തുന്നൂ, നാം

ആകാശകവാടത്തില്‍

അഗ്നിതന്‍ കവാടത്തില്‍

സമുദ്രകവാടത്തില്‍

പര്‍വതതടാകത്തില്‍

ആരിത് തുറന്നത്;

നീയോ ഞാനോ?

കാലമോ

നക്ഷത്രമോ!

Comments

Popular posts from this blog

അലങ്കാരം

ഉറുമ്പ്

മരത്തിലെ പുഴ