ശില


പലര്‍ക്കു വേണ്ടി ഞാന്‍

വരച്ചു ചിത്രങ്ങള്‍. 

പലര്‍ക്കായ് പാഴ്പ്പാട്ടു 

പലതു പാടി ഞാന്‍.


നിനക്കു മാത്രമായ്  

ഒരു പാട്ടുപാടാന്‍

തുടിക്കയാണിപ്പോള്‍,

തപിക്കയാണിപ്പോള്‍.  

ആരാണുനീയെന്നറിയില്ലയെങ്കിലും 

ഏതോ മൃദു സ്വപ്നമാണു നീ നര്‍ത്തകീ...


ശലഭമായ് പാറിപ്പറക്കയാണു നീ.

ഇടയ്ക്കിടെ ഞാനാം

ശിലയില്‍ വന്നാര്‍ദ്രം

ചിറകനക്കുന്നു.  

ശിലയാണെങ്കിലും 

അലിഞ്ഞു പോകുന്നേന്‍.


ശിലയെന്നു നമ്മള്‍ 

കരുതുവതെല്ലാം ശിലയല്ല.

വെറും നിശ്ശബ്ദതയല്ല. 

ശിലകളോര്‍മ്മിക്കും,

കിനാവുകള്‍ കാണും. 

അതിനെ സ്പര്‍ശിക്കും

മധുരിമകളില്‍ 

സ്വയം വിടര്‍ന്നിടും,

അഹല്യയെപ്പോലെ.


ശിലയാണെങ്കിലും  

മനുഷ്യനാണു ഞാന്‍.

Comments

Popular posts from this blog

അലങ്കാരം

ഉറുമ്പ്

മരത്തിലെ പുഴ