ട്യൂട്ടോറിയൽ കാലം


പഴയ കാലത്ത്

ട്യൂട്ടോറിയലുകള്‍ സജീവമായിരുന്ന

ആ കാലത്ത്,

ട്യൂട്ടോറിയലില്‍നിന്ന്

കോളെജിലേക്ക് പോകുമ്പോഴാണ്

ആദ്യമായി ഞാന്‍ ആ നക്ഷത്രത്തെ കാണുന്നത്.

(ശരിക്കും നക്ഷത്രം തന്നെ.

പ്രതീകഭാഷയില്‍ പറയുന്നതൊന്നുമല്ല.)


തെരുവ് സജീവമായിരുന്നു.

ട്യൂട്ടോറിയലുകളുടെ തെരുവില്‍

പ്രണയങ്ങള്‍ സ്വാഭാവികമായിരുന്നു.

ഒരു ബീയെസ്സേ  സൈക്കിളില്‍

പയ്യനൊരുത്തന്‍ പാഞ്ഞുപോയി.

അപ്പോള്‍ നക്ഷത്രം തെരുവുമുറിച്ചു നടന്നുവന്നു.

(പെണ്ണല്ല, നക്ഷത്രം തന്നെ.)


പിന്നെ നിത്യവും നക്ഷത്രത്തെ കാണും.

ഒന്നുകില്‍ നക്ഷത്രം

അല്ലെങ്കില്‍ ഞാന്‍,

തെരുവുമുറിച്ച് നടക്കും.

ബീയെസ്സേ സൈക്കിളുകള്‍ പാഞ്ഞുപോകും.

പ്രണയികള്‍ ഐസ്ക്രീം നുണയും.

ചിലപ്പോള്‍ ഞാനും ഐസ്ക്രീം നുണയും.


അത് നക്ഷത്രമല്ല പെണ്ണാണെന്ന് ചിലര്‍ പറഞ്ഞു.

എന്നാല്‍ നക്ഷത്രമെന്ന് എനിക്കറിയാമല്ലോ!

ഞാന്‍ പ്രണയത്തിലെന്ന് പലര്‍ പറഞ്ഞു.

ഒന്നും എന്നില്‍ ഏശിയില്ല.

ബീയെസ്സേ സൈക്കിളുകള്‍ എന്നെ തൊട്ടതുമില്ല.

ലോകം ഒരു കാമുകനെ എങ്ങനെ കാണുന്നുവെന്ന്

എനിക്ക് മനസ്സിലായി.

ട്യൂട്ടോറിയലില്‍ നിന്ന് കൊളേജിലേക്കുള്ള

ആ വഴിയില്‍ ഞാന്‍ കുടുങ്ങിക്കിടന്നു.


അങ്ങനെയിരിക്കെ നക്ഷത്രത്തെ കാണാതായി.

ഞാന്‍ വിഷമത്തിലായി.

കളി കാര്യമായി.

ബീയെസ്സേ സൈക്കിളുകളില്‍ ഒന്ന്

എന്നെ തട്ടിവീഴ്ത്തി പാഞ്ഞുപോയി.

ആരും അതത്ര കാര്യമാക്കിയില്ല.

എന്‍റെ ആദ്യത്തെ ഒറ്റപ്പെടല്‍!

(സത്യത്തില്‍ അതൊരു നക്ഷത്രമായിരുന്നു.

വെറും നക്ഷത്രം.)

Comments