ഒറ്റയില


പൂക്കള്‍ കൊഴിഞ്ഞു.

ഒരില മാത്രം ശേഷിച്ചു.

ചില്ലകള്‍ വരണ്ടുണങ്ങി.

കാറ്റ് കടന്നുവരാതായി.


പക്ഷികള്‍ കൂട് കൂട്ടാതായി

പഥികര്‍ തണല്‍  തെരയാതായി.

മഴ തങ്ങി നിന്നില്ല.

മഞ്ഞ് സ്വപ്നം വീശിയില്ല.


വേനല്‍ ജ്വലിച്ചു.

വേരുകള്‍ മൃതമായി.

ചിതല്‍പ്പുറ്റുകള്‍ ഉണര്‍ന്നു.

ഇരുട്ട് ശിഖരങ്ങളെ പൊതിഞ്ഞു.


എന്നിട്ടും ഒരില ശേഷിച്ചു.

പ്രഭാതത്തില്‍ അത് മിഴി തുറന്നു.

കോഴി കൂകുന്നതും

കാക്ക ഉണരുന്നതും കണ്ടു.

മീന്‍കാരനേയും 

പാല്‍ക്കാരി അമ്മുമ്മയേയും

സാകൂതം നോക്കി നിന്നു.

കുട്ടികള്‍ ട്യുഷന്‍ ക്ലാസ്സില്‍ പോകുന്നതും

മധ്യാഹ്നത്തില്‍ ജാരന്മാര്‍ വരുന്നതും

രാത്രിയില്‍ നിഴലുകള്‍ ചലിക്കുന്നതും

ഒറ്റയില തനിയെ നോക്കിനിന്നു.


ഒറ്റയിലയില്‍ മരം പ്രകാശിച്ചു;

അതിന്‍റെ മുഴുവന്‍ ഭൂതകാലത്തോടെയും.

പഴയ കാറ്റ്.

പഴയ നിബിഢഹരിതച്ഛായകള്‍.

പൂക്കള്‍

പക്ഷികള്‍.

മരത്തണലിലെ പഥികര്‍.

എല്ലാം ഒറ്റയിലയില്‍. 


മരച്ചുവട്ടിലെ സന്ധ്യയിലിരുന്ന്‍

ഒരു കുട്ടി ഇലയിലേക്ക് നോക്കി.

ഇലയും 

ഇലയ്ക്ക് പിന്നിലായി മേഘങ്ങളും

പിന്നെ ആകാശവും കുട്ടി കണ്ടു. 

നിബിഢമായ ഹരിതഭംഗിക്കു മുകളില്‍

എല്ലാം പ്രശാന്തസുന്ദരമായിരുന്നു.

Comments

Popular posts from this blog

അലങ്കാരം

ഉറുമ്പ്

മരത്തിലെ പുഴ