കലണ്ടർ


പുതുവര്‍ഷം പിറന്നതറിയാതെ

അവിടെയും ഇവിടെയും ചിലരൊക്കെ.

കലണ്ടറുകള്‍ക്ക്  മെരുക്കാനാവാത്ത

കാലം പോലെ

ആകാശം പോലെ

അവിടെയും ഇവിടെയും ചിലരൊക്കെ.


അവള്‍ക്ക്  തുറക്കാന്‍ വാതിലില്ല.

അടയ്ക്കാന്‍ ലജ്ജയുമില്ല.

അടിവസ്ത്രമില്ലാത്ത പ്രണയവും പേറി

അവിടെയും ഇവിടെയും അവളുണ്ട്.


അവന്‍ തടവറയിലാണ്.

അവിടെ കലണ്ടര്‍ മറിയുന്നത്

ഉടമയുടെ ഔദാര്യം കൊണ്ടുമാത്രം.

അപരിചിതമായ ഭാഷയില്‍ 

പാറാവുകാരന്‍ ചിരിക്കുമ്പോള്‍

അവന്‍ ഭാഷയില്ലാത്ത ലോകത്തെ സ്വപ്നം കാണുന്നു.


കലണ്ടറുകളില്ലാത്തവര്‍

കലണ്ടറുകള്‍ നഷ്ടപ്പെട്ടവര്‍

കലണ്ടറുകള്‍ കണ്ടിട്ടില്ലാത്തവര്‍

കലണ്ടറുകളെ അറിയാത്തവര്‍

അങ്ങനെ ചിലരുണ്ട്

അവിടെയും ഇവിടെയും.


അദൃശ്യരും 

അടയാളങ്ങളില്ലാത്തവരുമാണവര്‍

അവിടെയും ഇവിടെയും 

അങ്ങനെയും ചിലരുണ്ട്.

........

Comments