മുഗ്ദ്ധം


മഴ പെയ്യുന്നു 

രാത്രിയിലൊക്കെയും 

കരിയിലകൾ 

ചിതറിവീഴുന്നു.

ഇല്ല മടക്കം 

മരങ്ങളിലേക്കിനി.

മഴയിൽ ഒഴുകി 

ഒഴുകി മറഞ്ഞിടാം.

മറവിതന്റെ

വിജനതയിൽ

ഒരു കാറ്റുവന്ന് 

പിന്നെയുമുയർത്തിടാം.

വേനലിൻ

ചിറകറ്റു പോയിടാം.

രാത്രികളിൽ

തളർന്നു കിടന്നിടാം.

മറവിൽ മറവിയിൽ

തീരുവാൻ മാത്രമോ 

ഒരു തളിരിലയായി പ്പിറന്നത്!

കാറ്റിനെയുമ്മവച്ചു വളർന്നത്! 

വെയിലിലേക്കു  

മിഴികൾ വിടർത്തിയും

മഴയിൽ ആർദ്രയായ്‌

പുഞ്ചിരിച്ചും 

മുഗ്ദ്ധ യൌവനത്തെ 

പുണർന്നു കിടന്നത്!

....

പുഴയൊഴുകുന്നു 

കാറ്റുവീശുന്നു 

പൂ വിടരുന്നു

പക്ഷികൾ  പാടുന്നു.

കരിയിലകൾ 

കൊഴിയുന്നതിൻ കഥ 

ഇനിയുമെന്തിത്ര 

പറയാൻ സഖാക്കളേ!

Comments

Popular posts from this blog

അലങ്കാരം

ഉറുമ്പ്

മരത്തിലെ പുഴ