നിലാക്കാലം


പരീക്ഷക്കാലത്താണ് 

കുട്ടി നിലാവുമായി ചങ്ങാത്തത്തിലായത്.

പരീക്ഷ പിന്നെ വെറും ചടങ്ങായി.

എവിടെയും നിലാവായി.

നിലാവല്ലാതെ മറ്റൊന്നും ഇല്ലെന്നായി.


ഉത്തരക്കടലാസില്‍ മുഴുവന്‍

നിലാവിന്‍റെ അടയാളങ്ങളായിരുന്നു.

നിലാവിന്‍റെ ഗന്ധമായിരുന്നു.

ഇതൊന്നും അറിയാത്ത പരിശോധകന്‍

കടലാസില്‍ ചുകപ്പിന്‍റെ  നൃത്തമുതിര്‍ത്തു.   .


പരീക്ഷക്കാലം കഴിഞ്ഞപ്പോള്‍

നിലാവ് മാഞ്ഞുപോയി.

ഉത്തരക്കടലാസിലെ അടയാളങ്ങള്‍ 

കുട്ടിക്ക് തിരിഞ്ഞില്ല.

ഇതെന്‍റെ കടലാസല്ല.

അവന്‍ പറഞ്ഞു.

നിലാവിന്‍റെ ഗന്ധം പരത്തുന്ന കടലാസില്‍

അച്ഛന്‍ ഒപ്പുവച്ചു.

പഴയ നിലാവിന്‍റെ കാലം 

അയാളില്‍ പതഞ്ഞു പൊങ്ങി.

ഉത്തരക്കടലാസിലെ അടയാളങ്ങള്‍ 

അയാള്‍ വായിച്ചു.


ഒരു ചിത്രശലഭമായി മാറിയ പിതാവ്

ബാല്യകാലത്തിലേക്ക് പറന്നുപോയി.

പെട്ടെന്നൊരു ദിവസം

അമ്മയും മാഞ്ഞുപോയതോടെ

അടുത്ത പരീക്ഷക്കാലത്തിനായി

കുട്ടി കാത്തിരിപ്പ് തുടങ്ങി.

Comments

Popular posts from this blog

അലങ്കാരം

ഉറുമ്പ്

മരത്തിലെ പുഴ