ദൈവവും പിശാചും.

 

പടച്ചട്ടയണിഞ്ഞ പിശാചും

നഗ്നനായ ദൈവവും

ഇടവഴിയില്‍ അഭിമുഖമായി എത്തിപ്പെട്ടു.


ഒരു പുഴുവായാണ്

പിശാചിന് 

ദൈവത്തെ അനുഭവപ്പെട്ടത്.

ദൈവം കരുതിയത്‌

പിശാച്

വെറും പാഴ്ശിലയെന്നും.


ഒരു കണക്കിന് നന്നായി.

പ്രശ്നമൊന്നും ഉണ്ടായില്ല.

ഇടവഴി ബ്ലോക്കായില്ല.

പെരുവഴിയിലും 

ട്രാഫിക് പ്രശ്നം ഉണ്ടായില്ല.

പഞ്ചിംഗ് പതിവുപോലെ..

ആംബുലന്‍സുകളും പതിവുപോലെ.


അഹല്യയായിത്തീര്‍ന്ന പഴയ ശില വിചാരിച്ചു,

പണ്ട് ഇതുപോലെ 

എന്നെയും കാണാതിരുന്നെങ്കില്‍

കാര്യങ്ങള്‍ മറ്റൊന്നായേനെ.

കാട്ടില്‍ ശിലയായി

സ്വസ്ഥയായി

നല്ല കാറ്റും 

നിലാവുമാസ്വദിച്ചു കഴിയാമായിരുന്നു. 


ചുവന്ന വെളിച്ചം തെളിഞ്ഞു.

അഹല്യ ബ്രേക്ക്‌ ചവിട്ടാന്‍ മറന്നു.

മുന്നിലോടുന്ന ബെന്സി‌നു പിന്നില്‍ 

അഹല്യയുടെ ഐ ടെന്‍ മുട്ടി.

ബഹളം..പോലീസ്..

ഗൌതമമഹര്‍ഷിയുടെ ശാപം 

ആരും വകവച്ചില്ല.


പോലിസ് സ്റ്റേഷനിലേക്ക് പോകുമ്പോള്‍

ഗൌതമന്‍ വണ്ടി ഒതുക്കിച്ചു.

അഹല്യ വണ്ടി ഒതുക്കി.

കാറിനു പുറത്തിറങ്ങിയ മുനി

അഹല്യയെ ശപിച്ചു.

വണ്ടിയും അഹല്യയും 

വഴിയോരത്തെ പാഴ് വസ്തുക്കളായി.


മഹര്‍ഷി ബിയര്‍ പാര്‍ലറില്‍ കയറി.

അഹല്യയേയും കാറിനെയും

കോര്‍പറേഷന്‍ ലോറി

കൊണ്ടുപോയി.


ഇനിയും ദൈവവും പിശാചും

മുഖാമുഖം ചെന്നുപെടാതിരിക്കണേ.

അവര്‍ പരസ്പരം തിരിച്ചറിഞ്ഞാലും

ഇല്ലെങ്കിലും

സംഗതി പ്രശ്നം തന്നെ.

*******

Comments

Popular posts from this blog

അലങ്കാരം

ഉറുമ്പ്

മരത്തിലെ പുഴ