നാലു കുട്ടികൾ


നാലു കുട്ടികള്‍ സ്കൂളില്‍ പോവുകയായിരുന്നു.

ഒരു കുട്ടി വഴിയോരത്തെ ഒരു മരമായി.

ഒരു കുട്ടിയെ പീഡകര്‍ പിടിച്ചുകൊണ്ടുപോയി.

ഒരു കുട്ടി തെരുവില്‍ അലഞ്ഞു.

ഒരു കുട്ടി സ്കൂളില്‍ എത്തി.


നാലുപേര്‍ കോളേജില്‍ പോവുകയായിരുന്നു.

ഒരാള്‍ മൊബൈലില്‍ അന്തര്‍ധാനം ചെയ്തു.

ഒരാള്‍ കാട്ടുപക്ഷിയായി.

ഒരാള്‍ സ്വപ്നത്തിലേക്ക് പരകായം പൂണ്ടു.

ഒരാള്‍ കോളേജില്‍ ചെന്നു.


നാലുപേര്‍ ജോലിക്ക് പോവുകയായിരുന്നു.

ഒരാള്‍ ഓടയിലെ അഴുക്കു വെള്ളമായി.

ഒരാള്‍ ഭ്രാന്തിലേക്ക് പ്രദക്ഷിണം ചെയ്തു.

ഒരാള്‍  വഴിമാറി നടന്നു.

എന്നിട്ടും രണ്ടുപേര്‍ ജോലിസ്ഥലത്ത് എത്തി.


നാല് വൃദ്ധര്‍ സായാഹ്നയാത്രക്കിറങ്ങി.

ഒരാള്‍  ഗോപുരം കയറി ആകാശത്തിലേക്കും

മറ്റൊരാള്‍ കാറ്റിലേറി വനത്തിലേക്കും

ഇനിയൊരാള്‍ അഗ്നിയുടെ നാളങ്ങളിലേക്കും

പിന്നെയോരാള്‍ സംഗീതമൌനത്തിലേക്കും പോയി.


എല്ലാവരും മരണത്തില്‍ സംഗമിച്ചു.

എത്ര വിചിത്രം!

Comments

Popular posts from this blog

അലങ്കാരം

ഉറുമ്പ്

മരത്തിലെ പുഴ